തുരങ്കപാത: അന്വേഷണത്തിന് വിദഗ്ധസമിതി; റിപ്പോർട്ട് കിട്ടുന്നതുവരെ നിർമാണത്തിന് വിലക്ക്
തിരുവനന്തപുരം: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണസ്ഥലത്ത് മണ്ണിടിഞ്ഞതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ വിദഗ്ധസമിതി രൂപവത്കരിച്ചു. തുരങ്കപാതയ്ക്ക് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നൽകിയ പാരിസ്ഥിതിക അനുമതി സമിതി പരിശോധിക്കും. ഒരുമാസത്തിനകം റിപ്പോർട്ട് കിട്ടിയ ശേഷംമാത്രം നിർമാണം തുടർന്നാൽ മതിയെന്നാണ് നിർദേശം.
ഭൗമശാസ്ത്രജ്ഞനായ ഡോ. സി.പി. രാജേന്ദ്രൻ, വയനാട്ടിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, പൊതുമരാമത്ത്, ദുരന്ത ലഘൂകരണ വകുപ്പ് സെക്രട്ടറിമാർ എന്നിവരാണ് സമിതിയിലുള്ളത്. ദുരന്ത ലഘൂകരണ വകുപ്പ് സെക്രട്ടറിയാണ് കൺവീനർ.
അപകട കാരണം, കരാർ കമ്പനി വ്യവസ്ഥകൾ ലംഘിച്ചോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തിടുക്കത്തിൽ അനുമതി നൽകിയതിനെപ്പറ്റി ഗുരുതരപരാതികൾ ഉയർന്നിട്ടുണ്ട്.
