എസ്റ്റേറ്റ് മുക്കിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിലെ എസ്റ്റേറ്റ് മുക്കിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കക്കയം കോഴിക്കുന്നേൽ വിഷ്ണു (28) നാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
