ബാലുശ്ശേരിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതായി പരാതി
ബാലുശ്ശേരി : പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികൾ റാഗ് ചെയ്തതായി പരാതി. അഞ്ച് വിദ്യാർഥികളാണ് റാഗിങിനെത്തുടർന്ന് മർദനത്തിനിരയായത്. ആക്രമണത്തിൽ രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്ന് രക്ഷിതാക്കള്‍ കാക്കൂര്‍ പൊലീസില്‍ പരാതി നൽകി. എന്നാൽ, സ്കൂളിലെ റാഗിങ് വിരുദ്ധ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചെങ്കിൽ മാത്രമേ കേസെടുക്കാൻ കഴിയുള്ളുവെന്നാണ് പൊലീസ് അറിയിച്ചത്.
രണ്ടുദിവസങ്ങളിലായാണ് വിദ്യാർഥികൾക്ക് മർദനമേറ്റത്. അഞ്ച് വിദ്യാർഥികളുടേയും ഷർട്ടിന്റെ ബട്ടൺ അഴിച്ചിടുന്നത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതാണ് മർദനത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. ആദ്യം സ്കൂളിൽ പരാതി പറഞ്ഞെങ്കിലും നടപടിയെടുക്കാത്തതിത്തുടർന്ന് കാക്കൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നെന്നും രക്ഷിതാക്കൾ പറഞ്ഞു. സ്കൂൾ അധികൃതരുടെ കൂടി നിലപാട് അനുസരിച്ചാവും മറ്റു നടപടികൾ.
