എളേറ്റിലിൽ ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം:യുവാവ് പിടിയിൽ

എളേറ്റിൽ: ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ഭാര്യാപിതാവിനെയും സഹോദരനെയും ആക്രമിക്കുകയും വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കൊടുവള്ളി പോലീസ് പിടികൂടി. ഇയ്യാട് മക്കുണ്ടിക്കൽ ദിൽകർ അലി (36) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

​ഇന്നലെ രാത്രി 10:30-ഓടെ എളേറ്റിൽ ചെറ്റക്കടവിലുള്ള പുതിയോട്ടിൽ അബ്ദുൽ മജീദിന്റെ വീട്ടിലാണ് സംഭവം. വീടിന്റെ മുൻവശത്തെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, വധഭീഷണി മുഴക്കുകയും കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് അബ്ദുൽ മജീദിന്റെ ഇടതു കൈമുട്ടിന് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യാസഹോദരൻ മുഹമ്മദ് മൻസൂറിനെ പ്രതി നെഞ്ചിലും ഇടുപ്പിലും കടിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് വീടിന്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്ത് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.

​ലഹരിക്കടിമയും ക്വട്ടേഷൻ സംഘാംഗവുമായ ദിൽകർ അലിക്കെതിരെ ഭാര്യ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അബ്ദുൽ മജീദ്, മൻസൂർ എന്നിവരുടെ പരാതിയിൽ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.