14-കാരൻ സ്കൂട്ടർ ഓടിച്ച സംഭവം: അമ്മയ്ക്ക് 26,000 പിഴ വിധിച്ചു
ചിതറ: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ സംഭവത്തിൽ വാഹന ഉടമയായ അമ്മയ്ക്ക് കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 26,000 രൂപ പിഴ വിധിച്ചു.
ചിതറയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 14 വയസ്സുകാരൻ സ്കൂട്ടറുമായി എത്തിയത്. ചിതറ എസ്.ഐ മുഹസിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടയുകയും, രക്ഷിതാക്കളെ വിളിച്ചുവരുത്തി മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.
തുടർന്ന് നടന്ന വിചാരണയിലാണ് ലൈസൻസില്ലാത്ത കുട്ടിക്ക് വാഹനം നൽകിയതിന് ഉടമ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി പിഴ ചുമത്തിയത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്കോ വാഹന ഉടമയ്ക്കോ എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
