​വ്യാജ സ്വർണം പണയം വെക്കാൻ ശ്രമം: താമരശ്ശേരിയിൽ രണ്ടുപേർക്കെതിരെ കേസ്

താമരശ്ശേരി: മലബാർ ഗോൾഡിന്റെ വ്യാജ ലോഗോയും HUID മാർക്കും പതിപ്പിച്ച വ്യാജ സ്വർണം പണയം വെക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി നൗഷാദ്, തച്ചംപൊയിൽ സ്വദേശി ഗിരിജ എന്നിവർക്കെതിരെയാണ് കേസ്.

​താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള 'സൂര്യാ ഫൈനാൻസ്' എന്ന സ്ഥാപനത്തിലാണ് സംഭവം. ചൊവ്വാഴ്ച കോഴിക്കോട് മലബാർ ഗോൾഡിൽ നിന്നും വാങ്ങിയതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഗിരിജ സ്വർണം പണയം വെക്കാൻ എത്തിയത്.

​ആഭരണങ്ങളിൽ 22ct, 916 Purity, HUID മാർക്കും, മലബാർ ഗോൾഡിന്റെ മുദ്രയും സീരിയൽ നമ്പറും വ്യാജമായി പതിപ്പിച്ചിരുന്നു. തലേന്ന് വാങ്ങിയ സ്വർണം പണയം വെക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ സ്ഥാപന ഉടമ, സമീപത്തെ ജ്വല്ലറിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ലോഗോ വ്യാജമാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായി സംസാരിച്ച സ്ത്രീ ഉടൻ തന്നെ അവിടെനിന്ന് മുങ്ങുകയായിരുന്നു.

​നൗഷാദ് കൊടുത്തുവിട്ട വ്യാജ സ്വർണമാണ് താൻ പണയം വെക്കാൻ കൊണ്ടുവന്നതെന്ന് ഇവർ പിന്നീട് സമ്മതിച്ചു. കമ്പനിയുടെ ലോഗോ വ്യാജമായി ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചതിനെതിരെ മലബാർ ഗോൾഡ് അധികൃതരും താമരശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

​സമാനമായ രീതിയിൽ താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ചുങ്കം, തച്ചംപൊയിൽ ബ്രാഞ്ചുകളിൽ നിന്നും അടുത്തിടെ 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തിരുന്നു. പ്രദേശത്ത് കേന്ദ്രീകരിച്ച് വ്യാജ സ്വർണം പണയം വെക്കുന്ന വൻ തട്ടിപ്പ് സംഘം തന്നെ പ്രവർത്തിക്കുന്നതായി പോലീസിന് സംശയമുണ്ട്.