താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി മൾട്ടി ആക്‌സിൽ ബസ് കുടുങ്ങി; രൂക്ഷമായ ഗതാഗതക്കുരുക്ക്
താമരശ്ശേരി: ചുരം ഒമ്പതാം വളവിൽ കെഎസ്ആർടിസി മൾട്ടി ആക്‌സിൽ ബസ് കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രാത്രി 11.45-ഓടെ ബസ്സിന്റെ പിൻഭാഗം റോഡിൽ ഉറച്ചുപോയതിനെ തുടർന്നാണ് അപകടമുണ്ടായത്. മൂന്ന് മണിക്കൂറോളം കാറുകൾ മാത്രമാണ് വഴി തിരിച്ചുവിട്ടത്. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധീഖും ഏറെ നേരം കുരുക്കിൽപ്പെട്ടു.
പുലർച്ചെ 3 മണിയോടെ ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഹൈവേ പോലീസ്, അടിവാരം എയ്ഡ് പോസ്റ്റ് പോലീസ്, ചുരം ഗ്രീൻ ബ്രിഗേഡ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. എന്നാൽ, നിലവിൽ ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുകയാണ്.
