നിതിൻ രാജിന്റെ മരണം: ‘MK റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഗൂഢാലോചന നടന്നു; എന്തിനാണ് ഇങ്ങനെ ഒരു പൊലീസ്’; ഹൈക്കോടതി


കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡന്റൽ കോളജ് വിദ്യാർഥി ആർഎൽ നിതിൻരാജിന്റെ മരണത്തിൽ പ്രതി ഡോക്ടർ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ, ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും കോടതി നിർദേശിച്ചു. പ്രതിയുടെ പണവും അനുകൂല്യവും പറ്റി നടക്കുകയായിരുന്നു പൊലീസ് എന്നും പണത്തിന് മീതെ പരുന്തും പറക്കില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

പാവപെട്ട ആളുകളെ ഉപദ്രവിച്ചിട്ട് പണക്കാരെ സംരക്ഷിക്കാനാണോ പൊലീസ് എന്ന് കോടതി ചോദിച്ചു. ഭരണതലത്തിൽ സംഭവിച്ച ഗുരുതര വീഴ്ച്ച നടന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ലോൺ കേസിലെ പ്രതികളെ പിടികൂടിയപ്പോൾ അറസ്റ്റ് ചട്ടങ്ങൾ പാലിച്ചു. എന്നാൽ റാമിനെ അറസ്റ്റ് ചെയ്തപ്പോൾ ഒന്നും പാലിച്ചില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ഒരു പൊലീസെന്നും പൊലീസ് ആരുടെകൂടെ എന്ന് ജനങ്ങൾക്ക് മനസ്സിലാകുമെന്നും ഹൈക്കോടതി പറഞ്ഞു

പ്രഥമ ദൃഷ്ടിയാൽ റാമിനെ സംരക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു എന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി സംവിധാനങ്ങൾ പൂർണ്ണ പരാജയമെന്ന് കുറ്റപ്പെടുത്തി. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നൽകിയ പരാതിയാണ് ഹൈക്കോടതി പരി​ഗണിച്ചത്. ജസ്റ്റിസ് എ ബധറുദീന്റെ ബെഞ്ചാണ് ഉപഹർജി പരിഗണിച്ചത്. ഡോക്ടർ റാമിന്റെ അറസ്റ്റ് വൈകിയതിൽ അതിരൂക്ഷ വിമർശനം സിംഗിൾ ബെഞ്ചിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരുന്നു. പിടികൂടി ആദ്യ ദിവസം തന്നെ റാമിന് ജാമ്യം ലഭിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.