താമരശ്ശേരി ഫ്രഷ് കട്ട് തുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരസമിതിയും നാട്ടുകാരും.
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് തുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരസമിതിയും നാട്ടുകാരും. അറവുമാലിന്യവുമായി വരുന്ന ലോറികൾ തടയുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്തെ റോഡിലാണ് സമരസമിതിയും നാട്ടുകാരും പ്രതിഷേധിക്കുന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് സമരത്തിന് പിന്തുണയുമായി എത്തുന്നത്.
4,000 ഓളം കുടുംബങ്ങളാണ് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ മേഖലയിലെ ദുരിതം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്ന് സമരസമിതി. മഴ കനത്താൽ ഫ്രഷ് കട്ടിലെ കോഴി മാലിന്യങ്ങൾ ഇരുതുള്ളി പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
താമരശ്ശേരി ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സമരസമിതി സമരം പുനഃരാരംഭിച്ചിരുന്നു. ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിച്ചത്. എന്നാൽ, നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ്കട്ട് പ്ലാന്റിലേക്ക് പോകുന്ന വഴിയിലാണ് സമരം. സമരത്തിന് പിന്തുണ അറിയിച്ച് നിരവധി എംഎൽഎമാരും പങ്കെടുക്കുന്നുണ്ട്.
