ആശ്വാസം: ജില്ലയിലെ മാലമോഷണ സംഘത്തിലെ രണ്ട് പേർ മീനങ്ങാടി പോലീസിന്റെ പിടിയിൽ
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലമോഷണം നടത്തിയതായി സംശയിക്കുന്ന സംഘത്തിലെ രണ്ട് പേരെ മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
മീനങ്ങാടിയിലെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ സുമേഷിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ നിരീക്ഷണമാണ് പ്രതികളിലേക്കെത്താൻ സഹായിച്ചത്. ഒരാഴ്ചയ്ക്കിടെ അമ്പലവയൽ, കൽപ്പറ്റ, ബത്തേരി ,തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണങ്ങൾ നടന്നിരുന്നു..
മീനങ്ങാടി ഔറ കളക്ഷൻ ഫാൻസിയിൽ നിന്ന് ഫാൻസി ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തിരക്കേറിയ ബസുകളിലും ബസ് സ്റ്റാൻഡുകളിലും സംശയാസ്പദമായി സഞ്ചരിക്കുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കൂടുതൽ പേർ സംഘത്തിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പിടിയിലായവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.
