താമരശ്ശേരി ബിഷപ്പ് ഹൗസിന് മുന്നിൽ പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഡ്രൈവർക്ക് പരിക്ക്

താമരശ്ശേരി: ബിഷപ്പ് ഹൗസിന് മുൻവശം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ച് എടവണ്ണ സ്വദേശി ജുനൈദിന് സാരമായി പരിക്കേറ്റു. റോഡ് നവീകരണത്തിലെ അപാകത മൂലം വാഹനങ്ങൾ തെന്നിമാറുന്നതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇവിടെ പിക്കപ്പ് വാൻ സ്വകാര്യ ബസ്സിലിടിച്ച് അപകടമുണ്ടായിരുന്നു.

​റോഡിലെ ശാസ്ത്രീയമല്ലാത്ത നിർമ്മാണത്തിന് പുറമെ, ചാവറ ആശുപത്രി മുതൽ മൂന്നാം തോട് ജങ്ഷൻ വരെയുള്ള അനധികൃത പാർക്കിങ്ങും കാഴ്ചമറയ്ക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാറില്ല. കഴിഞ്ഞ ദിവസം പമ്പിൽ നിന്നിറങ്ങിയ സ്കൂട്ടറിൽ ബൈക്കിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. മേഖലയിലെ അനധികൃത പാർക്കിങ് ഉടൻ നിരോധിക്കണമെന്നും റോഡിലെ അപാകതകൾ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.