അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി


കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. അടൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സുപ്രധാന നിരീക്ഷണം. സംഭവത്തെക്കുറിച്ച് മീഡിയവൺ നൽകിയ വാർത്തയും ഹൈക്കോടതിയുടെ ഉത്തരവിൽ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്.

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. യൂട്യൂബ് ബ്ലോഗർമാർ അനധികൃത ലൈറ്റുകളും മാറ്റം വരുത്തിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളും വൈഡ് ടയറുകളും പ്രദർശിപ്പിച്ച് വീഡിയോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, പ്രളയത്തിന്റെ മറവിൽ അനുമതി നേടാൻ സോഷ്യൽ മീഡിയ വഴി നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അടൂരിലെ വിവാദ വാഹനത്തിൽ അനധികൃതമായി 6 ലൈറ്റുകളാണ് ഘടിപ്പിച്ചിരുന്നത്. ഇതിന് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിനെ കോടതി വിമർശിച്ചു. നിയമലംഘനം നടത്തിയ ഓരോ അനധികൃത ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഉത്തരവിട്ടു. മോഡിഫിക്കേഷൻ വരുത്താതെ തന്നെ പൊലീസിന്റെ ഗൂർഖ വാഹനം പ്രളയ രക്ഷാദൗത്യത്തിൽ പങ്കെടുത്ത കാര്യം കോടതി ഓർമ്മിപ്പിച്ചു. അനധികൃത ഫിറ്റിംഗുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിന് വീഴ്ച സംഭവിക്കുന്നുണ്ടെന്നും ഹൈക്കോടതി വിമർശിച്ചു.