കവർച്ചാസംഘങ്ങളുടെ ഭീഷണി, കുടപിടിക്കുന്ന കേരള- കർണാടക സർക്കാർ: ഭീതിയിൽ കെഎസ്ആർടിസി
കാസർകോട്: പാതിരാത്രി റോഡരുകില്‍
നിന്ന മൂന്നുപേർ യാത്രക്കാരുടെയും തങ്ങളുടെയും ജീവനും സ്വത്തിനും നേരെ നീളുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് കെഎസ്ആർടിസി ഡ്രൈവർ സുരേഷും കണ്ടക്ടർ സനുവും കരുതിയിരുന്നതേയില്ല. ബെംഗളൂരുവിൽ നിന്നും കാസർകോടേക്ക് വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസ് ബിഡദി മേഖലയിലെത്തിയപ്പോഴാണ് ബസിന്റെ മുൻവശത്തെ ഗ്ലാസിലേക്ക് അജ്ഞാത സംഘം മുട്ടയെറിഞ്ഞത്.
വർഷങ്ങളുടെ ദീർഘദൂര സർവീസ് പരിചയസമ്പത്തുള്ള സുരേഷ്, സമയോചിതമായി പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ഗ്ലാസിൽ മുട്ട വീണയുടൻ വൈപ്പർ ഇടാതെയും ബസ് നിർത്തിയിടാതെയും ആളനക്കവും വെളിച്ചവുമുള്ള ഇടത്തേക്ക് ഓടിച്ചുപോയതുകൊണ്ടാണ് യാത്രികർ സുരക്ഷിതരായത്.
ഓഗസ്റ്റ് 8-ന് ഇതേ സ്ഥലത്തുവച്ച് മറ്റൊരു കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറുമടക്കം രണ്ടുപേർ മരണപ്പെട്ടിരുന്നു. നിലവിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അന്ന് ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതും ഇത്തരത്തിൽ മുട്ടയേറ് മൂലമാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
കാഴ്ച മങ്ങിച്ച് കവർച്ച; സജീവമായി അക്രമിസംഘങ്ങൾ
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേരളത്തിൽനിന്ന് കർണാടകയിലേക്ക് സർവീസ് നടത്തുന്ന ഭൂരിഭാഗം ഡ്രൈവർമാരും നിരന്തരം നേരിടുന്ന വലിയൊരു സുരക്ഷാ വെല്ലുവിളിയാണ്. ബിഡദി മേഖല കേന്ദ്രീകരിച്ച് ബസുകളുടെ കാഴ്ച മറച്ച് അപകടത്തിൽപ്പെടുത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. പുതിയ നാഷണൽ ഹൈവേ വന്നതോടെ ഇത്തരത്തിലുള്ള അക്രമിസംഘങ്ങൾ കൂടുതൽ സജീവമായിട്ടുണ്ട്.
