ഓണത്തിന് ദിവസങ്ങള്‍ മാത്രം; ഓണക്കിറ്റും സ്പെഷല്‍ അരിയും റേഷന്‍ കടകളിലെത്തിയിട്ടില്ല
ഓണത്തിന് ആഴ്ചകള്‍ക്ക് മാത്രം ബാക്കിനില്‍ക്കേ ഓണക്കിറ്റും സെപ്ഷ്യല്‍ അരിയും റേഷന്‍ കടകളിലെത്തിയില്ല. ഓഗസ്റ്റ് മൂന്നിന് വിതരണം ചെയ്യുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നത്. റേഷന്‍ കട ജീവനക്കാര്‍ക്കുള്ള ഉത്സവബത്തയും ലഭിച്ചില്ലെന്നും പരാതി.
മൂന്നു കിലോ മുതല്‍ 10 കിലോ വരെയാണ് വ്യത്യസ്ത കാര്‍ഡുടമകള്‍ക്കായി പൊതുഭക്ഷ്യവിതരണ വകുപ്പ് അനുവദിച്ച സെപ്ഷ്യല്‍ അരി. കിലോയ്ക്ക് 26 രൂപയുള്ള ജയ അരി വിതരണത്തിനെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അരിയും കിറ്റും ഇതുവരെ റേഷന്‍കടകളില്‍ എത്തിയിട്ടില്ലെന്ന് റേഷന്‍ വ്യാപാരി ടി. മുഹമ്മദ് അലി പറഞ്ഞു.
നീല, വെള്ള കാര്‍ഡുകള്‍ക്ക് 10 കിലോ വീതവും പിങ്ക് കാര്‍ഡിന് മൂന്നുകിലോ വീതവുമാണ് അരി അനുവദിച്ചിരിക്കുന്നത്. മഞ്ഞ കാര്‍ഡിന് മാത്രമാണ് ഓണക്കിറ്റ്. അരിയും മറ്റു ധാന്യങ്ങളും ഉള്‍പ്പെടുന്നതാണ് കിറ്റ്. ഓണക്കിറ്റും സെപ്ഷ്യല്‍ അരിയും അന്വേഷിച്ചെത്തുന്നവര്‍ക്ക് മുമ്പില്‍ റേഷന്‍ കടക്കാര്‍ കൈമലര്‍ത്തുകയാണ്.
ഉത്സവബത്തയായ 1000 രൂപയും റേഷന്‍ കടക്കാര്‍ക്ക് ലഭിച്ചില്ല. കഴിഞ്ഞ തവണ ചില കാര്‍ഡുകള്‍ക്ക് പഞ്ചസാരയുണ്ടായിരുന്നെങ്കിലും ഇത്തവണ അതുമില്ല.
