തിരുവമ്പാടിയിൽ കവർച്ച: പ്രധാന പ്രതി പിടിയിൽ; നാലുപേർക്കായി തെരച്ചിൽ ഊർജിതം
തിരുവമ്പാടി: ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും ഡിജിറ്റൽ ക്യാമറയും കവർന്ന കേസിൽ പ്രധാന പ്രതികളിൽ ഒരാളെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോട് സ്വദേശി രമേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പുന്നക്കൽ വഴിക്കടവിലുള്ള നോയലിന്റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം കവർച്ച നടന്നത്. കുടുംബാംഗങ്ങൾ പുറത്തുപോയ സമയം നോക്കി വീടിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന സംഘം, രണ്ടര പവൻ സ്വർണ്ണാഭരണങ്ങളും DSLR ക്യാമറയും കവരുകയായിരുന്നു.
പ്രദേശത്തെ വിവിധ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരുവമ്പാടി എസ്.ഐ രമ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വേഗത്തിലുള്ള തിരച്ചിലാണ് പ്രതിയെ വലയിലാക്കാൻ സഹായിച്ചത്. മോഷണസംഘത്തിൽ ഉണ്ടായിരുന്ന മറ്റ് നാലുപേരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ കഴിഞ്ഞ പോലീസ് സംഘത്തിന് നാടൊട്ടുക്കും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.
