സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ സംഭവം: അധ്യാപകന്റെ സസ്പെന്ഷന് സ്റ്റേ
കൊച്ചി: കാസര്‍കോട് നടന്ന ക്വിസ് മത്സരത്തില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ സംഭവത്തിൽ അധ്യാപകൻ്റെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാസർകോട്ടെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ചോദ്യാവലിയിൽ വി ഡി സവർക്കറെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയ ഗുരുപ്രസാദ് റായ്‌ക്കെതിരെയുള്ള നടപടിക്കാണ് സ്റ്റേ. ഒരു മാസത്തേക്കാണ് അധ്യാപകന്റെ സസ്‌പെന്‍ഷന്‍ കോടതി തടഞ്ഞത്. അതേസമയം അധ്യാപകനെതിരെ അച്ചടക്ക നടപടി സര്‍ക്കാരിന് തുടരാമെന്ന് കോടതി വ്യക്തമാക്കി.ക്വിസ് മത്സരത്തില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയതിന് സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് കാസര്‍കോട് പള്ളത്തടുക്ക എയുപി സ്‌കൂള്‍ അധ്യാപകനായ ഗുരുപ്രസാദ് റായ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതിനിടെ ഫ്രീഡം ക്വിസ് വിവാദത്തില്‍ അധ്യാപകന്റെ സസ്പെന്ഷന് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയില്‍ വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഇടക്കാല സ്റ്റേ ആണ്. വിഷയത്തിലല്‍ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ അറിയിക്കുമെന്നാണ് മന്ത്രി എന്‍ ഷംസുദീന്‍ പറഞ്ഞത്. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ കണ്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളില്‍ നടന്ന എല്‍പി വിഭാഗം സോഷ്യല്‍സയന്‍സ് ക്ലബ് ഫ്രീഡം ക്വിസ് 2026 മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിലെ ചോദ്യവും ഉത്തരവുമാണ് നടപടിയിലേയ്ക്ക് നയിച്ചത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് വി ഡി സവർക്കർ എന്നായിരുന്നു ഉത്തരസൂചികയിൽ നൽകിയത്.
എന്നാല്‍ ചോദ്യപേപ്പര്‍ പരിശോധിച്ച് അംഗീകാരം നല്‍കി സ്‌കൂളിലേക്ക് അയച്ച ഉന്നത അധികൃതരെ ഒഴിവാക്കി തനിക്കെതിരെ മാത്രം നടപടി എടുക്കുന്നത് ഏകപക്ഷീയമാണെന്ന് അധ്യാപകന്‍ വാദിച്ചു. തനിക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ ഉത്തരവും അച്ചടക്കനടപടികളും നിയമവിരുദ്ധവുംമുന്‍വിധിയോടെയുള്ളതാണെന്നും അധ്യാപകന്‍ കോടതിയിൽ വാദിച്ചിരുന്നു..
