'ബസിന് കാശില്ലാത്ത സ്ത്രീ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ വിടുന്നു,ദാരിദ്ര്യം അഭിനയിക്കുന്നു';അധിക്ഷേപിച്ച് CPജോൺ


തിരുവനന്തപുരം: വിവാദ പരാമര്‍ശവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ബസിന് കാശില്ലാത്ത സ്ത്രീകള്‍ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നാണ് പരാമര്‍ശം. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല, ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദര്‍ശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്‌നേഹമോ അല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്', സി പി ജോണ്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു

സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പണക്കാര്‍ പാവപ്പെട്ടവരായി അഭിനയിക്കുന്നു, പരമദരിദ്രനായി അഭിനയിക്കുന്നുവെന്നും അത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു