താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോ ക്രെയ്നിൽ കടത്തി 10,000 രൂപയ്ക്ക് വിറ്റു; വാഹനം വീണ്ടെടുത്തു

​താമരശ്ശേരി: റോഡരികിൽ നിർത്തിയിട്ടിരുന്ന ഫ്രൂട്ട്സ് വ്യാപാരിയുടെ ഗുഡ്സ് ഓട്ടോറിക്ഷ ഉടമയറിയാതെ ക്രെയ്ൻ ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തി. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന ചുങ്കം കയ്യേലിക്കുന്നുമ്മൽ ഫൈസലിന്റെ വാഹനമാണ് ഇന്നലെ ഉച്ചയ്ക്ക് 2.40-ഓടെ കാണാതായത്.

​കട്ടിപ്പാറ ഭാഗത്തേക്ക് പോയി തിരികെ എത്തിയപ്പോഴാണ് വാഹനം കാണാനില്ലെന്ന വിവരം ഫൈസൽ അറിയുന്നത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനം ക്രെയ്നിൽ വലിച്ച് മഞ്ചേരി ഭാഗത്തേക്ക് കൊണ്ടുപോയതായി കണ്ടെത്തി.

​വാഹനം ക്രെയ്നിൽ വലിച്ചുകൊണ്ടുപോകുന്ന ചിത്രങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് ക്രെയ്ൻ ഉടമയെ തിരിച്ചറിഞ്ഞത്. താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് വാഹനം മറിച്ചുവിറ്റത്. മഞ്ചേരി സ്വദേശിയായ ഷഫീഖിനാണ് 10,000 രൂപയ്ക്ക് ഇവർ വാഹനം കൈമാറിയത്.

​ക്രെയ്ൻ ഉടമയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മഞ്ചേരിയിൽ നിന്ന് വാഹനം കണ്ടെത്തുകയും താമരശ്ശേരിയിൽ തിരിച്ചെത്തിക്കുകയും ചെയ്തു.