പാലക്കുറ്റിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; ആളപായമില്ല, ഒഴിവായത് വൻ ദുരന്തം

കൊടുവള്ളി: കോഴിക്കോട് - വയനാട് ദേശീയപാതയിൽ പാലക്കുറ്റി ആക്കിപ്പോയിൽ ജുമാ മസ്ജിദിന് മുൻപിൽ പുലർച്ചെ കാർ നിയന്ത്രണം വിട്ട് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും അഞ്ചോളം ബൈക്കുകളിലുമാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചുകയറിയത്.

​അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമോ ആർക്കും പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെയായതിനാൽ റോഡിലും പള്ളി പരിസരത്തും ആളുകളുടെ സാന്നിധ്യം കുറവായിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. അപകടം നടന്നയുടൻ പ്രദേശവാസികളും മറ്റ് യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.