വീണ്ടും മഴ....ചൂടിന് ആശ്വാസമാകും; ഈ ആഴ്ച്ച മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കൊടും ചൂട് തുടരുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച്ച അവസാനത്തോടെ മഴയെത്തുമെന്ന് പ്രവചനം. വ്യാഴം വെള്ളി ദിവസങ്ങളില്‍ മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
10/09/2026 : ആലപ്പുഴ, എറണാകുളം
11/09/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം, ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
