കൃഷിയാത്ര നടത്തി ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ

കട്ടിപ്പാറ: കൃഷിയറിവുകൾ നേരിട്ടറിഞ്ഞ് വിദ്യാർഥികളിൽ കാർഷിക താൽപര്യം വളർത്തുന്നതിനായി ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിയാത്ര സംഘടിപ്പിച്ചു. കൃഷിയിടം സന്ദർശിച്ച വിദ്യാർഥികൾ വിവിധ വിളകളെയും അവയുടെ കൃഷിരീതികളെയും നേരിട്ടറിഞ്ഞു.

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഷിൻസി ജോസഫ് മണിമലയെ ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. കൃഷിയിടത്തിൽ കുറ്റിയമ്പഴം, കുറ്റിക്കുരുമുളക്, അഭിയു, അത്യുൽപാദനശേഷിയുള്ള ഇഞ്ചി, കൂർക്ക തുടങ്ങിയ വിവിധ വിളകൾ വിദ്യാർഥികൾ പരിചയപ്പെട്ടു. ഇവയുടെ കൃഷിരീതികൾ, പരിപാലനം, വിളവെടുപ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക്  അറിവ് ലഭിച്ചു.

കൃഷിയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുകയും പുതുതലമുറയിൽ കാർഷിക സംസ്കാരം വളർത്തുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. നല്ലപാഠം ക്ലബ്ബ് അധ്യാപക കോഡിനേറ്റർമാരായ സിന്ധു മാത്യുവും ട്രിഫ്റ്റി സെബാസ്റ്റ്യനും പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി  കോഡിനേറ്റർമാരായ യാദവ് പ്രഭാഷിന്റെയും അമേയ അന്ന ഇമ്മാനുവലിന്റെയും നേതൃത്വത്തിൽ കുട്ടികൾ അവാർഡ് ജേതാവിൽനിന്ന് കൃഷിയുടെ പാഠങ്ങൾ അടുത്തറിഞ്ഞു.