പൂനൂർ പുഴയിലെമാലിന്യ നിക്ഷേപം: ശക്തമായനടപടി വേണം

പൂനൂർ : പൂനൂർ പുഴയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് ആളുകൾക്ക്  ബുദ്ധിമുട്ടുണ്ടാക്കുന്ന രൂപത്തിൽ  പുഴയിൽ മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ട് വന്ന് കനത്ത ശിക്ഷ ഉറപ്പാക്കണം എന്ന് പൂനൂർ  വ്യാപാരഭവനിൽ ചേർന്ന ജനപ്രതിനിധികളുടെയും  ബന്ധപ്പെട്ടവരുടെയും യോഗം ആവശ്യപ്പെട്ടു .തുടർച്ചയായി മൂന്നാം തവണയാണ് പൂനൂർ  പുഴയിൽ മാലിന്യം തള്ളുന്നത്. നിരവധി കുടുംബങ്ങൾ കുളിക്കാനും അലക്കാനും ആശ്രയിക്കുന്നത് പൂനൂർ പുഴയെയാണ്. മാത്രമല്ല നിരവധി കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട കുളങ്ങളും കിണറുകളും ഈ പുഴയോട് ഓരം ചേർന്ന് നിൽക്കുന്നുണ്ട് .
 കക്കൂസ് മാലിന്യം ഉൾപ്പെടെ  ഇരുട്ടിന്റെ മറവിൽ തള്ളുന്ന  ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ   ശക്തമായ നെറ്റ് വർക്കും വലിയ ലോബിയും ഉണ്ടെന്നും യോഗം വിലയിരുത്തി. ഇത്തരം സാമൂഹ്യദ്രോഹികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിന്
 ആവശ്യമായ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. പരിസരവാസികളുടെയും പൊതുജനങ്ങളുടെയും സഹായം ഈ കാര്യത്തിൽ ഉറപ്പുവരുത്തും.
 
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബ്ദുല്ല മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി സബ് ഇൻസ്പെക്ടർ രാമചന്ദ്രൻ ,ബ്ലോക്ക് മെമ്പർമാരായ ടി. അഭിജിത്ത്, അസ്‌ലം കുന്നുമ്മൽ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം കെ.അബ്ദുൽ റഷീദ്, മൊയ്തീൻ കോയ ,ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി സാജിത, ആതിര മാധവൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജബ്ബാർ മാസ്റ്റർ, പി.എം. മെഹബൂബ് പുഴസംരക്ഷണ സമിതി അംഗം പി.കെ.എ. മുഹമ്മദ് , സി.എം. ജഹ്ഫർ, എ.പി.ഫസൽ  ഷാഫി സക്കറിയ, കെ.കെ. ശക്കീർ തുടങ്ങിയവർ സംബന്ധിച്ചു