ഭക്ഷ്യസുരക്ഷ പരിശോധന;എണ്ണക്കടി നിര്‍മാണ ശാലക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
കോഴിക്കോട്: ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ. പാളയത്തിന് പിൻവശത്തായി പ്രവര്‍ത്തിച്ചിരുന്ന അഖിൽ എണ്ണക്കടി നിര്‍മാണ ശാലക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
അഖിൽ എണ്ണക്കടി നിർമാണശാലക്ക് (ട്രെഡേഴ്‌സ് )ഒരു ലക്ഷം രൂപ പിഴ. നമ്മുടെ ചായക്കടകളിൽ വൃത്തിയുള്ള ചില്ലുപാത്രങ്ങളിൽ നിരത്തിവെച്ചിരിക്കുന്ന എണ്ണക്കടികൾ കാണുമ്പോൾ അവയുടെ നിർമ്മാണശാലകളിലെ ശുചിത്വത്തെക്കുറിച്ച് നമ്മളിൽ എത്രപേർ ചിന്തിക്കാറുണ്ട്?
പാളയത്തിന് പുറകുവശത്തായി പ്രവർത്തിച്ചിരുന്ന അഖിൽ എണ്ണക്കടി നിർമാണശാലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. അതിരാവിലെ നടത്തിയ പരിശോധനയിൽ വിവിധ ന്യൂനതകൾ കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനം അടച്ചുപൂട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഈ കേസിൽ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് വിധി വരികയും, ബഹുമാനപ്പെട്ട കോഴിക്കോട് ആർഡിഒയും ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുമായ ശ്രീ. എസ്. ഗൗതംരാജ് ഐഎഎസ് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.അഡ്ജൂഡിക്കെഷൻ അനുമതി നൽകിയത് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ബിബി മാത്യു വും, പരിശോധന നടത്തി കേസ് ഫയൽ ചെയ്തത് കോഴിക്കോട് സൗത്ത് ഫുഡ് സേഫ്റ്റി ഓഫീസർ Dr. ജിതിൻ രാജുമാണ്.ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി അനില K.N ഹാജറായ്.
ഈ വീഡിയോയിൽ കാണുന്നത് പരിശോധന നടന്ന ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച ദൃശ്യങ്ങളാണ്. ഇപ്പോൾ ഇത് പ്രവർത്തിക്കുന്നില്ല .ജനങ്ങൾക്ക് വിൽക്കുന്ന ഭക്ഷണസാധനങ്ങൾ വൃത്തിയുള്ള സാഹചര്യങ്ങളിൽ നിർമ്മിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ ഭക്ഷ്യവ്യാപാരിയുടെയും ഉത്തരവാദിത്വമാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ തുടരും. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രധാനം. ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല!
