ഇരിങ്ങാടൻപള്ളി ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: കോവൂർ–വെള്ളിമാടുകുന്ന് റോഡിലെ ഇരിങ്ങാടൻപള്ളി–വെള്ളിമാടുകുന്ന് ഭാഗത്തുള്ള ജനകീയ റോഡ് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. സൗത്ത് കല്യാശ്ശേരി സ്വദേശി സംജാദ് (21) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. വെള്ളിമാടുകുന്ന് ഭാഗത്തുനിന്ന് ജനകീയ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഹിമാലയൻ ബൈക്കും വപ്പോളിത്താഴത്തുനിന്ന് വെള്ളിമാടുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റർസെപ്റ്റർ ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഹിമാലയൻ ബൈക്ക് ഓടിച്ചിരുന്ന സംജാദ് റോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇന്റർസെപ്റ്റർ ബൈക്കിലുണ്ടായിരുന്ന അമൻദാസ്, റിഹാൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു ബൈക്കിന്റെ അമിതവേഗം അപകടത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
