മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

നെടുമ്പാശ്ശേരി: മിനി കൂപ്പര്‍ വാഹനാപകടക്കേസിലെ ഒന്നാംപ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ഇന്ന് തന്നെ ജാമ്യം നല്‍കുമെന്നും സുഹൈല്‍ സജീവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി തീരുമാനം.

അതേസമയം നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാ തെളിവുകളും ശേഖരിച്ചല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു. പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ല, നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം തെളിവ് ഇനിയും ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നും പ്രൊസിക്യൂഷന്‍ വ്യക്തമാക്കി.

മിനി കൂപ്പര്‍ വാഹനാപകടത്തില്‍ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവച്ച് ഇഡിആര്‍ പരിശോധനാഫലം ഇന്നലെ പുറത്തുവന്നിരുന്നു. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് വേഗത 162 കിലോമീറ്ററായിരുന്നുവെന്നും, വാഹനം 500 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 11 സെക്കന്‍ഡ് കൊണ്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിഎംഡബ്ല്യൂ അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ വാഹനത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.