ആറുവയസുകാരി ഷാള്‍ കുരുങ്ങി മരിച്ചതല്ല, കൊലപാതകം; വാര്‍ത്ത കേട്ട് പ്രതി പൊട്ടിക്കരഞ്ഞെന്ന് അയല്‍വാസി
വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റിൽ അർജുൻ (21)ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. സഹോദരൻ കവിൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
പോലീസ് അസ്വാഭാവിക മരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നു. മൃതദേഹപരിശോധനയിൽ പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നിയ ഡോക്ടർ ഈ വിവരം പോലീസുമായി പങ്കുവെച്ചതോടെ കേസിൽ പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ സംശയം തോന്നിയ നാലുപേരെ കസ്റ്റഡിയിലെടുത്തു.
മൂന്നുപേരെ വിട്ടയച്ചെങ്കിലും അയൽവാസിയായ അർജുനെ പോലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ പ്രതി ഒരു വർഷത്തോളം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് റിപ്പോർട്ടുകൾ.
30 ന് അർജുൻ വീട്ടിലെത്തി പെൺകുട്ടിയെ ഉപദ്രവിക്കുന്നതിനിടെ ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്കാര ച്ചടങ്ങിൽ പങ്കെടുക്കുകയും മരണ വിവരമറിഞ്ഞ് പ്രതി പൊട്ടിക്കരയുകയും ചെയ്തിരുന്നു.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍