മലബാര്‍ സമരത്തെ സ്വാതന്ത്ര്യ സമരപട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം ഇന്ത്യക്ക് നാണക്കേട്: ഖലീല്‍ തങ്ങള്‍

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി.

മലപ്പുറം: ബ്രിട്ടീഷുകാരന്റെ തീതുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ തുടങ്ങിയ ധീര ദേശാഭിമാനികളായ 387 സമര പോരാളികളെ സ്വാതന്ത്ര്യ ചരിത്രത്തില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇത്തരം ശ്രമങ്ങളെ രാജ്യ സ്‌നേഹികള്‍ അംഗീകരിക്കില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി.

മലബാര്‍ സമരം രാജ്യമൊട്ടുക്കുമുള്ള സ്വാതന്ത്ര്യ പോരാട്ടത്തിന് ഏറ്റവും ഊര്‍ജം പകര്‍ന്ന ഒന്നായിരുന്നു. ചെറിയ കുട്ടികളെയടക്കം നിരവധി പേരെയാണ് ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കിയത്. വാഗണ്‍ നരഹത്യ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. ഇതിനെയെല്ലാം ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ചരിത്രത്തില്‍ വിഷം കലര്‍ത്താനുള്ള ശ്രമം രാജ്യത്തോടുള്ള വെല്ലുവിളിയാണ്.

മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷിക വേളയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസേര്‍ച്ച് (ഐ.സി.എച്ച്.ആര്‍) സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് സമര പോരാളികളായ രക്ത സാക്ഷികളെ പുറത്താക്കാനുള്ള ഹിഡന്‍ അജണ്ട തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍