പാന്‍മസാല ഉപയോഗം എന്തുകൊണ്ട് നിര്‍ത്താന്‍ സാധിക്കുന്നില്ല?

പാന്‍ മസാല| ഫയല്‍ ഫോട്ടോ  

പാൻമസാല സ്ഥിരമായി ഉപയോഗിക്കുന്നവവരുടെ മുഖം ഭാവഭേദമില്ലാത്ത അവസ്ഥയിലെത്താനും സാധ്യതയുണ്ട്. ഉറക്കക്ഷീണം, കുഴിഞ്ഞ കണ്ണകുൾ, കറപിടിച്ച പല്ലുകൾ, തുടിപ്പ് നഷ്ടപ്പെട്ട കവിളുകൾ, പാൻമസാലമയുടെ കുത്തുന്ന ഗന്ധം, എപ്പോഴും അസ്വസ്ഥത, ഇടക്കിടെ തുപ്പുന്ന ശീലം, അലക്ഷ്യമായ വസ്ത്രരീതി എന്നിവ ഇവരുടെ പ്രത്യേകതകളാണ്.


കുറെകാലം പാൻമസാല വായ്ക്കുള്ളിലെ ഏതെങ്കിലും ഭാഗത്ത് സ്ഥിരമായി വച്ചാൽ അവിടത്തെ നിറം മാറുകയും എരിച്ചിലും പുകച്ചിലും അനുഭവപ്പെടുകയും ചെയ്യുന്നു. കാലക്രമേണ ആ ഭാഗത്തെ മാംസം ദ്രവിക്കുകയും, ദ്രവിച്ചുപോയ ഭാഗത്ത് ഒരു ദ്വാരം പ്രത്യക്ഷപ്പെടുകയും ചെയ്യാം. ഇങ്ങനെ സംഭവിച്ചാലും ഈ ശീലം മാറ്റാൻ തയ്യാറാകാത്തവരുണ്ട്. പഴയ സ്ഥലം മാറ്റി തത്കാലം പുതിയ സ്ഥലത്ത് ഇവർ പാൻമസാല വയ്ക്കാൻ തുടങ്ങുന്നു. അത്രക്കും ശക്തമാണ് പാൻമസാല ഉണ്ടാക്കുന്ന ആസക്തി.

പാൻമസാലയിലടങ്ങിയിട്ടുള്ള ചേരുവകളിൽ പലതും കാൻസറിന് വഴിതെളിയിക്കുന്നവയാണ്. ഇവ ചർമത്തിന്റെ മൃദുലപേശികളെ കടന്നാക്രമിച്ച് ചർമത്തിന്റെ ഇലാസ്തികതയെ നശിപ്പിക്കുന്നു. അങ്ങനെ വായിലെ തൊലി ഉരിഞ്ഞ് പോകുന്നതുമൂലം സബ് മ്യൂകസ് ഫൈബ്രോസിസ് എന്ന രോഗം പ്രത്യക്ഷമാകുന്നു. പ്രത്യക്ഷത്തിൽ ഇത് കാൻസറല്ലെങ്കിലും കാൻസറിന് മുന്നോടിയായുള്ള അവസ്ഥയാണ്. ഇക്കൂട്ടർക്ക് സാധാരണ ആളുകളേക്കാൾ കാൻസർ പിടിപെടാനുള്ള സാധ്യത 400 ഇരട്ടിയാണ്. കോശങ്ങൾക്ക് ജീവനറ്റുപോയതിനാൽ ഇത്തരക്കാർക്ക് വായിൽ വേദന അനുഭവപ്പെടാറില്ല. പാൻമസാല ശീലക്കാരായ എല്ലാ പ്രായക്കാരിലും ഈ അവസ്ഥ പ്രത്യക്ഷപ്പെടാം.


സബ് മ്യൂക്കസ് ഫൈബ്രോസിസിന്റെ കാൻസറിലേക്കുളള പരിണാമം ഒരുപരിധിവരെ തിരിച്ചറിയാം. തൊലിയിലുളള നിറംമാറ്റം, വായ്ക്കുള്ളിൽ കലകൾ രൂപപ്പെടുക, കോളിഫ്ളവറിന്റെ രൂപത്തിൽ വളർച്ചകൾ പ്രത്യക്ഷപ്പെടുക, തൊണ്ടയിൽ മുഴ എന്നിങ്ങനെയുളള പ്രശ്നങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കണം. പാൻമസാലശീലക്കാരിൽ കണ്ടുവരുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് ലുക്കോപ്ലാക്കിയ. വായിൽ വെളുത്ത പാടുകൾ കാണുന്നതാണ് രോഗലക്ഷണം. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ത്വക്കിൽ കാണപ്പെടുന്ന സ്കാമസ് സെൽ കാൻസറായി മാറാം. ഇതുകൂടാതെ തൊണ്ട, അന്നനാളം, ആമാശയം എന്നീ ഭാഗങ്ങളിലും പാൻമസാല കാൻസർ ഉണ്ടാക്കാം.

മാനസിക പ്രശ്നങ്ങൾ

പാൻമസാലകൾ ഉണ്ടാക്കുന്ന മാനസികപ്രശ്നങ്ങൾ നിരവധിയാണ്. ഇത് ഉപയോഗിക്കുന്നവർക്ക് അകാരണമായ സന്തോഷവും ദുഃഖവും മാറിമാറി അനുഭവപ്പെടാം. പെട്ടെന്നുള്ള ദേഷ്യം, വെറുപ്പ്, അക്രമവാസന, എടുത്തുചാട്ടം, നിരാശ എന്നിങ്ങനെയുള്ള വൈകാരികാവസ്ഥകളും ഇവരിൽ കാണുന്നുണ്ട്. യുക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതിരിക്കുക, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, അന്തർമുഖത്വം, അകാരണമായ പേടി, മറവി, ആത്മഹത്യാ ചിന്ത, ലൈംഗിക ശേഷിക്കുറവ്, ലൈംഗിക വൈകൃതങ്ങൾ, എന്നിവയും പാൻമസാല ശീലക്കാരിൽ കൂടുതലാണ്. പാൻമസാലയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കളിൽ ചിലത് ഡി.എൻ.എ.യുടെ ഘടനയിൽ തകരാറുണ്ടാക്കാൻ സാധ്യതയുള്ളവയാണ്. പുകയിലയിലും അടക്കയിലും ഉണ്ടാകുന്ന ഫംഗസ്ബാധ പാൻമസാല ശീലക്കാരിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

പാൻമസാലശീലം നിർത്തുന്നതിനായി ഫലപ്രദമായ മരുന്നുകളൊന്നും നിലവിലില്ല. ഈ ശീലം തുടങ്ങാതിരിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. പാൻ മസാല ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത് പ്രധാനമാണ്; കുട്ടികളിൽ പ്രത്യേകിച്ചും.

(കോഴിക്കോട് ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി ഡയറക്ടറാണ് ലേഖകൻ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍