ഹൃദ്യമായ കാഴ്ചകൾ

മഹാരഥന്മാരുടെ എഴുത്തുകൾ കൊണ്ടും സാന്നിദ്ധ്യം കൊണ്ടും സാംസ്ക്കാരിക സർഗ്ഗവസന്തം വിരിയിച്ച സാമൂതിരിയുടെ കമ്മട്ടം.... ആഥിത്യത്തിൻ്റെ പെരുമ കൊണ്ട് ഹൃദയം നിറക്കുന്ന അത്തറു പുരണ്ട കല്ലായിക്കാറ്റിൻ്റെ സുഗന്ധം.. തേനൂറുന്ന ഹൽവയുടെ മാധുര്യം പോലെ ഹൃദ്യമായ കാഴ്ചകൾ നൽകിയും പാട്ടിനെയും പുതുമയെയും നെഞ്ചേറ്റുകയും ചെയ്യുന്ന ബിരിയാണിയുടെ ഈ നഗരം ..... അതെ ജനങ്ങളുടെ മഹാമനസ്കത കൊണ്ടും  ഹൃദയവിശാലത കൊണ്ടും സമ്പന്നമായ സാമൂതിരിയുടെ, കുഞ്ഞാലിമരക്കാരുടെ തട്ടകം നമ്മുടെ പ്രിയപ്പെട്ട കോഴിക്കോടൻ നഗരം!
പ്രകൃതി രമണീയതയാൽ അനുഗ്രഹീതമായ കേരള മണ്ണിലെ അതി മനോഹരമായ ഒരിടം..
മനസ്സുനിറക്കുന്നഭക്ഷണം, സ്നേഹിക്കാൻ മാത്രമറിയാവുന്ന  മനുഷ്യർ കേരളത്തിൻ്റെ സാംസ്ക്കാരിക ബോധത്തെ സമ്പന്നമാക്കിയ  ഒരുപാട് കലാകാരന്മാരുടെ നഗരം, സത്യസന്ധതയുടെ പ്രതീകമാവുന്ന  ഓട്ടോഡ്രൈവർമാർ, ഊട്ടിയും ഉറക്കിയും നമ്മെ സന്തോഷിപ്പിക്കുന്ന  ആഥിത്യ ബോധം.... ഇങ്ങനെ പറയുവാൻ വാക്കുകളില്ലാത്ത വിധം നന്മ കൊണ്ടും മനോഹാരിത കൊണ്ടും  നമ്മെ ത്രസിപ്പിക്കുന്ന ചരിത്ര ഇടം .
നല്ല കടുപ്പത്തിൽ മുഹബ്ബത്തിൽ ചാലിച്ച ആവിപറക്കുന്ന ചൂടു സുലൈമാനിയും കൂട്ടിനൊരു കല്ലുമ്മക്കായ നിറച്ചതും ആസ്വദിച്ചങ്ങനെ നമുക്കീ നാടിനെ പരിചയപ്പെടാം...
മധുരം നുണയാൻ ഐസ് ഒരതിയതും പിടിച്ച് ഇളം കടൽ കാറ്റേറ്റ് പതിയെ ഈ സ്നേഹ മണലിലൂടെ നമുക്ക് നടക്കാം.. ബാബുക്കാന്റെ ഗസൽ മൂളാതെ കല്ലായിക്കടവത്തെ മിണ്ടിപ്പറയുന്ന കാറ്റേൽക്കാതെ ആർക്കാന്ന് ഈ മണൽപ്പരപ്പിലൂടെ നടക്കാൻ കഴിയുക?  അത്തറു മണക്കുന്ന ഉറുമാൽ തോളത്തിട്ട്  മുഹബ്ബത്തിന്റെ ഖിസ്സകൾ പറയാൻ  മലബാറിലെ  സ്വർഗ്ഗ റാണിക്ക് എന്നും തിടുക്കമാണ് ....

 ചരിത്രമെഴുതിയ പൗരാണികതയുടെ പെരുമ പേറുന്ന കോഴിക്കോടിൻ്റെ മനോഹാരിതയുടെ സ്പന്ദനമാണ്   ഇവിടെത്തെ സുന്ദരമായ  ബീച്ച്..
മഹാമാരിയുടെ ഈ ദുരിത കാലത്ത് കോഴിക്കോട്ടുകാർക്ക്, കോഴിക്കോട് സന്ദർശിക്കുന്ന സഞ്ചാരികൾക്ക്, അനുഭവിക്കാൻ കഴിയാത്ത ആസ്വദിക്കാൻ കഴിയാത്ത  നഷ്ട
സൗന്ദര്യമാണ്  പക്ഷേ ഇന്നീ ബീച്ച് ...
പോയ കാലത്തെ പെരുമയെ നെഞ്ചേറ്റി  ഈ കടലിരമ്പുന്ന മണൽതിട്ടകൾ  ഇന്ന് അണിഞ്ഞൊരുങ്ങി  സുന്ദരിയായിരിക്കുന്നു! കോഴിക്കോട്ടുകാരുടെ നന്മ  പോലെ സഞ്ചാരികളെയും തദ്ദേശിയരേയും  വരവേൽക്കാൻ അണിഞ്ഞൊരുങ്ങി  നിൽക്കുമ്പോഴും ഈ മഹാമാരിയുടെ വറുതി കഴിയാൻ കാത്തിരിക്കുകയാണ് എല്ലാവരും! സങ്കടങ്ങൾ മാറി  ഈ മണൽ പരപ്പിൽ മാനം നോക്കി ഹൃദയ നിശ്വാസങ്ങളെ തണുപ്പിക്കാൻ ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരും?
രുചി വൈഭവങ്ങളാൽ വൈവിധ്യമേറിയ സൽക്കാര മേശകൾ പരിചയമില്ലാത്തവരായി കോഴിക്കോടിനെ അറിയാത്തവരായുണ്ടാവില്ല...അത്രയേറെ അതിഥികളെ സ്വീകരിച്ചവരാണീ കോ ഴിക്കോട്ടുകാർ !  ആ സൽക്കാരങ്ങളുടെ തനത് രുചിയാണ്  ഇവിടങ്ങളിലെ എല്ലാ ഹോട്ടലുകളിലും നമ്മൾ അനുഭവിക്കുന്നത്! ..റഹ്മത്തിലെ ബീഫ് ബിരിയാണിയും ബോംബെ ഹോട്ടലിലെ ചായയും ഇഷ്ട കടികളും  പാരഗണിലെ രുചിയേറിയ വിഭവങ്ങളും സാഗറിലെ കോഴിബിരിയാണിയും കോഴിക്കോടിന്റെ മാത്രം പ്രത്യേകതയാണ്...
ചില്ലു പാത്രത്തിൽ അടുക്കി വെച്ച  കാഴ്ചക്കും നാവിനും സ്വാദ് പകരുന്ന ഉപ്പിലിട്ടതും, ഐസൊരതിയും, പിന്നെ പൊരിച്ചു വെച്ച കുറ്റിച്ചിറ പലഹാരങ്ങളുമെല്ലാം ബീച്ചിൽ വരുന്നവരുടെ മനസ്സും വയറും നിറക്കുന്നു....
ഭക്ഷണം ആസ്വദിക്കുന്നതിനിടക്ക് അൽപ്പമൊന്ന് അകലേക്ക്‌ കണ്ണോടിച്ചാൽ കാണാം പഴമയുടെ പൈതൃകമോതുന്ന കുറ്റിച്ചിറയും,വലിയങ്ങാടിയും, മിഠായിതെരുവും  പാളയം മാർക്കറ്റുമെല്ലാം മനോഹരമായി ചുവരിൽ വരച്ചിട്ട് സൗത്ത്‌ ബീച്ച് ചമഞ്ഞു നിൽക്കുന്നത്...
ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ പുതിയൊരു ചരിത്രമായി ഈ സൗന്ദര്യവൽക്കരണം മാറുമെന്നതിൽ സംശയമില്ല... അത്രയേറെ മനോഹരമായാണ് ഈ തീരം ഇപ്പോൾ നമ്മൾക്ക് സമ്മാനിച്ചിരിക്കുന്നത്...
കോഴിക്കോട് നഗരത്തിൽ വന്നിട്ടുള്ള ഏതൊരാൾക്കും പോകാനും കാണാനും അൽപ്പ സമയം ചിലവഴിക്കാനും കടലിനോട് കഥപറഞ് നടക്കാനും അസ്തമയ സൂര്യനെ ചുംബിക്കുന്ന കടലിൻ്റെ മനോഹാരിത ആസ്വദിക്കുവാനും ഈ സ്നേഹ തീരം നിങ്ങളെയൊക്കെ കാത്തിരിപ്പുണ്ട്...
മധുര മുറുന്ന കോഴിക്കോടൻ ഹലുവ പോലെ, അത്രയേറെ സ്വാദോടെ നുണച്ചിരിക്കാൻ, ഈ തീരം കണ്ട് മനം നിറയാൻ ഇവിടെ അല്പനേരമൊന്നിരിക്കാൻ കഥകൾ പറയാൻ  കൊതിയൂറുകയാണ് .....

അഡ്വ.ടി.പി.എ.നസീർ കോരങ്ങാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍