വ്യവസ്ഥകൾ മാറ്റില്ലെന്ന് സർക്കാർ: വ്യാപാരസ്ഥാപനങ്ങൾ തുറന്നു; വിവാദങ്ങളും
തിരുവനന്തപുരം ∙ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കടകളിലും സ്ഥാപനങ്ങളിലുമെത്തുന്നവർക്കു സർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾക്കെതിരെ വ്യാപക പ്രതിഷേധം. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളും വ്യാപാരികളും പ്രതിപക്ഷവും രംഗത്തെത്തി.
ഇളവുകൾ പ്രാബല്യത്തിലായ ഇന്നലെ സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നു. നിബന്ധനകളെക്കുറിച്ചു പരക്കെ ആശയക്കുഴപ്പമുള്ളതിനാൽ പരിശോധനകളും നിയമനടപടികളും തുടങ്ങിയില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിശോധനകൾ തൽക്കാലം വേണ്ടെന്നാണു പൊലീസിനു ലഭിച്ച നിർദേശം.
കടകൾ, ഓഫിസുകൾ തുടങ്ങിയവ സന്ദർശിക്കുന്നവരും അവിടെ ജോലി ചെയ്യുന്നവരും രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് എങ്കിലും വാക്സീൻ സ്വീകരിച്ചവരോ, അല്ലെങ്കിൽ 72 മണിക്കൂറിനകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ, അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയവരോ ആയിരിക്കണമെന്നാണു പുതിയ നിബന്ധന. പ്രതിപക്ഷം നിയമസഭയിൽ ശക്തമായി പ്രതിഷേധിച്ചെങ്കിലും ഉത്തരവ് പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
പുതിയ നിബന്ധനകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനത്തിനൊപ്പം പരിഹാസവും ഉയരുന്നുണ്ട്. കടകളിൽ പ്രവേശനത്തിനുള്ള നിബന്ധനകൾ ഉടൻ പ്രദർശിപ്പിക്കണമെന്നും വീഴ്ച വരുത്തിയാൽ നടപടിയെടുക്കുമെന്നും വ്യാപാരികൾക്ക് പൊലീസ് ഇന്നലെ മുന്നറിയിപ്പു നൽകി.
നിബന്ധനകളോടെയാണെങ്കിലും വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ തുറക്കാൻ അനുമതി ലഭിച്ചതു വ്യാപാര മേഖലയ്ക്ക് ആശ്വാസമായി.
മാനദണ്ഡങ്ങൾ പാലിച്ചു ഹോട്ടലുകളിലും മറ്റും ഇരുന്നു കഴിക്കാൻ അനുവദിക്കണമെന്ന് ഹോട്ടൽ–റസ്റ്ററന്റ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്സിനേഷനിൽ മെല്ലെപ്പോക്ക്
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വാക്സിനേഷൻ മെല്ലെപ്പോക്ക് തുടരുന്നു. വാക്സീൻ ക്ഷാമം മൂലം ഇന്നലെ 1.83 ലക്ഷം ഡോസ് ആണ് കുത്തിവച്ചത്. ബുധനാഴ്ച 1.04 ലക്ഷം ഡോസ് മാത്രമാണു വിതരണം ചെയ്തത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീൻ എടുത്തവരുടെ എണ്ണം 1.5 കോടിയാണ്.
കോവിഡ് മരണം അറിയാൻ പോർട്ടൽ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് മരണ വിവരങ്ങൾ അറിയാൻ സർക്കാർ പോർട്ടൽ ആരംഭിച്ചു. ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങൾ പോർട്ടലിൽ കണ്ടെത്താം. കോവിഡ് മരണമെന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചവയെല്ലാം ഈ പോർട്ടലിലൂടെ കണ്ടെത്താമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പേര്, ജില്ല, മരണത്തീയതി തുടങ്ങിയവ നൽകണം. ജൂലൈ 22 വരെയുള്ള വിവരങ്ങളാണ് നിലവിൽ പോർട്ടലിലുള്ളത്. ബാക്കി ഉടൻ ചേർക്കും. പോർട്ടലിന്റെ ലിങ്ക്: https://covid19.kerala.gov.in/deathinfo

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍