ഭാര്യവീട്ടിലേക്ക്​ പോകുന്നയാ​ളെ തടഞ്ഞു നിർത്തി മർദിച്ചു; 'അസമയത്ത്​' എവിടെ പോകുന്നുവെന്ന്​ ചോദ്യം


കൊടിയത്തൂർ: ഭാര്യവീട്ടിലേക്ക്​ പോവുന്നയാളെ തടഞ്ഞു നിർത്തിയ മർദിച്ചതായി പരാതി. പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യം പറമ്പത്ത് ഷൗക്കത്തിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.30 ഓടെ കൊടിയത്തൂർ കാരാട്ടുള്ള ഭാര്യവീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. ‘അസമയത്ത്​’ എവിടെ പോകുന്നുവെന്ന്​ ചോദിച്ചായിരുന്നു സദാചാര അക്രമമെന്ന്​ ഷൗക്കത്ത്​ പറഞ്ഞു.

ഭാര്യവീട്ടിലുള്ള മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുമായി പോവുകയായിരുന്നുവെന്ന്​ ഷൗക്കത്ത് പറഞ്ഞു. പിൻതുടർന്നെത്തിയ രണ്ട്​ അംഗ സംഘം തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. രാത്രി സമയം എവിടേക്ക് പോവുന്നു എന്നും നീ കഴിച്ചതിനേക്കാൾ കൂടുതൽ ലഹരി തങ്ങൾ കഴിച്ചിട്ടുണ്ടന്നും പറഞ്ഞ സംഘം തന്നെ അവിഹിത ബന്ധക്കാരനും ലഹരി ഉപയോഗിക്കുന്നവനുമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും ഷൗക്കത്ത് പറഞ്ഞു.

വാഹനത്തിൽ നിന്നും അടിച്ച് നിലത്തിട്ട സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നുവെന്നും മൊബൈൽ ഫോൺ എടുത്തെറിഞ്ഞതായും ഷൗക്കത്ത് പരാതിപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ ഷൗക്കത്ത് വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.  കാൽനടയായി ഭാര്യവീട്ടിലെത്തിയ ശേഷം വാഹനമെടുക്കാനായി വീട്ടുകാർക്കൊപ്പം തിരിച്ചെത്തിയപ്പോൾ വീണ്ടും മർദ്ദിക്കാൻ ശ്രമിച്ചതായും ഷൗക്കത്ത് പറയുന്നു. ഈ സമയത്ത് സംഘത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നതായും ഷൗക്കത്ത് പറഞ്ഞു. പരിക്കേറ്റ ഷൗക്കത്ത് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ ഷൗക്കത്ത് പരാതി നൽകിയിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍