രാവിലെ എഴുന്നേറ്റയുടന്‍ തലചുറ്റുന്നു; ബാലന്‍സ് പ്രശ്‌നമാണോ? പരിഹാരമെന്താണ്?
ബാലൻസ് നഷ്ടപ്പെടൽ ഒരു രോഗാവസ്ഥയാണ്. അത്തരം പ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. ബാലൻസ് പ്രശ്നത്തെക്കുറിച്ചുള്ള ഒരു ചോദ്യവും അതിനുള്ള മറുപടിയും വായിക്കാം.
ഞാൻ 45 വയസ്സുള്ള സ്ത്രീയാണ്. ചെറിയ തോതിലുള്ള തലകറക്കമാണ് ആദ്യം ഉണ്ടായത്. അതും രാവിലെ എഴുന്നേറ്റയുടനെയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ രാവിലെ മാത്രമല്ല പ്രശ്നം. നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്നുണ്ട്. ഡോക്ടറെ കണ്ടപ്പോൾ ചെവിയിലെ പ്രശ്നമാണെന്നാണ് പറഞ്ഞത്. മരുന്ന് കഴിക്കുമ്പോൾ ആശ്വാസം തോന്നിയിരുന്നു. പൂർണമായും ഭേദമായിട്ടില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ചെവിയിൽ ഇൻഫെക്ഷൻ വന്നിരുന്നു. അതാവുമോ ഇതിനുള്ള കാരണം? ബാലൻസ് പ്രശ്നത്തിന് ചികിത്സയുണ്ടോ?
വളരെയേറെ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്ന ഒരു രോഗലക്ഷണമാണ് തലകറക്കം. വിവിധ ആരോഗ്യപ്രശ്നങ്ങളുടെ പൊതുലക്ഷണമായി തലകറക്കം ഉണ്ടാകാം. താങ്കൾക്കുണ്ടായതുപോലെ ചെവിക്കുള്ളിലെ തകരാറുകൾ മൂലവും തലചുറ്റൽ ഉണ്ടാകാം. എന്നാൽ പലരും കരുതുന്നതുപോലെ അമിതരക്തസമ്മർദം തലകറക്കത്തിനുള്ള ഒരു സാധാരണ കാരണമല്ല. തലകറക്കവും ബാലൻസ് നഷ്ടപ്പെടലുമൊക്കെ വീഴ്ചയ്ക്ക് കാരണമാകുമെന്നതുകൊണ്ട് തലകറക്കമനുഭവപ്പെടുന്നവർ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
ഉൾച്ചെവിയിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റിബുലാർ ഭാഗം ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പനിയെത്തുടർന്നുണ്ടാകുന്ന നീർവീക്കം വെസ്റ്റിബുലാർ നാഡിയെ ബാധിച്ച് തലകറക്കം ഉണ്ടാകാം. കേൾവിയെ ബാധിക്കുന്നില്ലെങ്കിലും തലചുറ്റലും ബാലൻസ് നഷ്ടപ്പെടലും ആഴ്ചകളോളം നീണ്ടുനിൽക്കാം.
ചെവിയിൽ അടിഞ്ഞുകൂടുന്ന ചെവിക്കായം പോലും തലകറക്കം ഉണ്ടാക്കിയേക്കാം. താങ്കൾക്കുണ്ടായതുപോലെ ചെവിക്കുള്ളിലുണ്ടാകുന്ന രോഗാണുബാധയുമായി ബന്ധപ്പെട്ടുള്ള തലചുറ്റലിന്റെ മറ്റൊരു കാരണമാണ് മെനിയേഴ്സ് രോഗം. തലകറക്കം,ചെവിയിലനുഭവപ്പെടുന്ന മുഴക്കം(ടീനിയറ്റ്സ്), കേൾവിക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ആവർത്തനസ്വഭാവത്തോടെ പ്രത്യക്ഷപ്പെടുക എന്നതാണ് ഈ രോഗത്തിന്റെ സ്വഭാവം. കേൾവിയുമായി ബന്ധപ്പെട്ട ക്രേനിയൽ നാഡിയിലുണ്ടാകുന്ന മുഴുകൾ(അക്വാസ്റ്റിക് ന്യൂറോമ) തലകറക്കത്തിനും കേൾവിക്കുറവിനും ഇടയാക്കാം.
തലകറക്കത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ് പൊസിഷണൽ വെർട്ടിഗോ. തല ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുമ്പോഴോ പെട്ടെന്ന് കുനിഞ്ഞ് നിവരുമ്പോഴോ ഒക്കെ തലകറക്കം ഉണ്ടാകാം. തലകറക്കത്തോടൊപ്പം മനംപുരട്ടലും ഛർദിയുമുണ്ടാകാം. തലയ്ക്കേൽക്കുന്ന പരിക്കുകളും ഇതിന് കാരണമാകാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും ഇത്തരം തലകറക്കം ഉണ്ടാകാം. സാധാരണമായി ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ രോഗലക്ഷണങ്ങൾ ക്രമേണ അപ്രത്യക്ഷമാവുകയാണ് പതിവ്.
തലച്ചോറിന്റെ ബാലൻസ് നിർണയിക്കുന്ന ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ തടസ്സം, കഴുത്തിലെ കശേരുക്കളുടെ തേയ്മാനം, കണ്ണിന്റെ തകരാറുകൽ, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയൊക്കെ തലകറക്കത്തിനുള്ള മറ്റ് കാരണങ്ങളാണ്. തലച്ചോറിലെ തകരാർ മൂലം തലകറക്കമുണ്ടാകുമ്പോൾ കേൾവിക്കുറവ്, ചെവിക്കുള്ളിലെ മുഴക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്.
ബാലൻസ് നഷ്ടപ്പെടുന്നത് നിയന്ത്രിക്കാൻ കഴുത്തിനും കൈകാലുകൾക്കും വഴക്കവും ബലവും നൽകുന്ന വ്യായാമങ്ങളിലേർപ്പെടുന്നതും സഹായിക്കും. കിടക്കയിൽ കിടന്നുകൊണ്ടുള്ള കണ്ണിന്റെയും തലച്ചോറിന്റെയും ക്രമമായ ചലനങ്ങൾ, ഇരുന്നുകൊണ്ട് തോൾ ചലിപ്പിക്കുന്ന വ്യായാമം, ക്രമമായി ഒരു സ്റ്റൂളിൽ ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുക തുടങ്ങിയവ ബാലൻസ് തെറ്റാതിരിക്കാൻ സഹായിക്കും. മരുന്നുകളോടൊപ്പം ഇത്തരം വ്യായാമങ്ങളും ആവശ്യമാണ്.
ഡോ. ബി. പദ്മകുമാർ
പ്രൊഫസർ
മെഡിസിൻ വിഭാഗം
ഗവ.മെഡിക്കൽ കോളേജ്, ആലപ്പുഴ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍