ഒളിച്ചോടുന്ന 'അമ്മമാരും' അനാഥമാവുന്ന കുടുംബവും

സ്നേഹത്തിന്റെ കടൽ തേടി ജീവിതത്തിന്റെ നരകകവാടങ്ങളിലേക്ക് മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടുന്ന അമ്മമാർ ! നൊന്തുപെറ്റ മക്കളെയും, സ്വന്തം ഭർത്താവിനേയും ഉപേക്ഷിച്ച് നൈമിഷിക പ്രണയ സുഖങ്ങൾ തേടി കാമുകന്മാരോടൊപ്പം ഒളിച്ചോടുന്ന അമ്മമാരുടെ എണ്ണം കേരളത്തിൽ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. സ്വന്തം അമ്മ തങ്ങളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടി പോയെന്ന് പരാതി പറയാൻ മക്കൾ പോലീസ് സ്റ്റേഷനിൽ കാത്തുനിൽക്കുന്ന വേദനകരമായ കാഴ്ചകളിലേക്കാണ് കേരളീയ കുടുംബ സമൂഹം പോയിക്കൊണ്ടിരിക്കുന്നത്!

പരസ്പരം ഇഷ്ടമാണെന്ന വെളിപ്പെടുത്തലിലൂടെ നിയമപരമായി എല്ലാ കുരുക്കുകളിൽ നിന്നും തലയൂരി പ്പോരുന്ന മക്കളുള്ള കാമുകീകാമുകന്മാർ ഇനി ശ്രദ്ധിക്കുക, കാരണം മക്കളുള്ള ഒളിച്ചോട്ടക്കാരെ പോക്സോ-ജൂവനൈൽ പൂട്ടിട്ട് ജയിലിലടക്കപ്പെടുമെന്നുറപ്പാണ്. അമ്മമാരുടെ ഒളിച്ചോട്ടത്തിലൂടെ അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങൾ ജുവനൈൽ ജസ്റ്റിസ് ആക്ട് 2015, എഴുപത്തിയഞ്ചാം വകുപ്പിന്റെയും, പോക്സോ നിയമങ്ങളുടെയും പരിധിയിൽ വരുന്നതുകൊണ്ട് മക്കളുള്ള ഒളിച്ചോടുന്ന കാമുകീ കാമുകന്മാർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാനുള്ള സാധ്യതകളാണ് ഇല്ലാതായിരിക്കുന്നത്. സ്വന്തം കുട്ടികൾ ലൈംഗിക ചൂഷണങ്ങൾക്കടക്കം ഇരകളാവാൻ ബോധപൂർവ്വം സൗകര്യമൊരുക്കി, അവരുടെ സംരക്ഷണ ചുമതലകളിൽ നിന്നൊഴിഞ്ഞു എന്ന നിലയിൽ അമ്മയ്ക്കെതിരെയും കുട്ടികളെ ഉപേക്ഷിക്കാൻ പ്രേരണ നൽകിയെന്നും, അതിനാവശ്യമായ എല്ലാവിധ ഒത്താശകൾ ചെയ്തെന്ന പേരിൽ കാമുകനെതിരെയും കേസെടുത്തു മുന്നോട്ടുപോവുകയാണ് കേരള പോലീസ്. ഒളിച്ചോട്ടങ്ങളിൽ മിക്ക സന്ദർഭങ്ങളിലും കേസ് നിലനിൽക്കാത്ത സാഹചര്യങ്ങൾ മുൻകാലങ്ങളിലുള്ളത് കാരണം സമാന സംഭവം ആവർത്തിക്കാതിരിക്കാൻ ഇപ്പോൾ പോലീസ് ശക്തമായ നിയമനടപടികളാണ് ഇത്തരം ഒളിച്ചോട്ടക്കാർക്കെതിരെ സ്വീകരിച്ചുവരുന്നത്.
വീട് വിട്ടിറങ്ങുമ്പോൾ സ്വന്തം ജീവിതം തന്നെയാണ് നഷ്ടമാകുന്നതെന്ന് തിരിച്ചറിയാതെ പോവുകയാണ് നമ്മുടെ പല അമ്മമാരും. ഇന്നലെകളിൽ കണ്ട് പരിചയപ്പെട്ട ഏതോ ഒരാളുടെ കൂടെ സ്വന്തം മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടുമ്പോൾ വലിയ വലിയ ദുരന്തങ്ങളിലേക്കാണ് നടന്നുനീങ്ങുന്നതെന്ന് എന്തുകൊണ്ട് മക്കളെ നൊന്തു പ്രസവിച്ച ഈ അമ്മമാർ മനസ്സിലാകുന്നില്ല? മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയവർ സുഖമായി ജീവിക്കുന്നതിന്റെ അൽപമാത്ര കഥകൾ പോലും നമുക്ക് കേൾക്കാനാവില്ല. മറിച്ച് ഇത്തരം അമ്മമാർ തങ്ങളുടെ കൈവശമുള്ള സ്വർണവും പണവും തീരുകയും ശരീരത്തോടുള്ള ഇഷ്ടക്കാരന്റെ ആസക്തി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ നിഷ്ക്കരുണം ഉപേക്ഷിക്കപെടുന്ന സമകാലീന ദുരന്താനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അസാസാധ്യമാവുന്ന ഇത്തരം അമ്മമാർ ഒടുവിൽ പെൺവാണിഭ സംഘങ്ങളിലെ ഇരകളായി ജീവിതം ഹോമിക്കപ്പെടുകയോ അല്ലങ്കിൽ ആത്മഹത്യയിലേക്ക് നീങ്ങുകയാ ചെയ്യുന്നതിന്റെ കദന ചരിത്രമാണ് നമ്മൾ കേൾക്കുന്നത്. ഒളിച്ചോട്ടങ്ങളെ തുറന്നു കാണിക്കുകയും അവരുടെ ഭാവിയെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നതോടൊപ്പം ഒളിച്ചോട്ടങ്ങളിലേക്ക് നയിക്കപ്പെടുന്ന കുടുംബ-സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

കുഞ്ഞുങ്ങളെ കടവരാന്തകളിലും, ബസ് സ്റ്റാൻഡുകളിലും ഉപേക്ഷിച്ച്  കാമുകനോടൊപ്പം കടന്നുകളയാൻ എങ്ങനെയാണ് ഒരമ്മയ്ക്ക് കഴിയുന്നത്? സ്നേഹത്തിന്റെ കൺകെട്ട് വിദ്യകൾക്ക് മുന്നിൽ തിരിച്ചറിവ് നഷ്ട്ടപ്പെടുന്ന വൈകാരിക ശൂന്യതയാണ് ഇത്തരം അമ്മമാർ പ്രകടിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ മറഞ്ഞിരുന്ന് സ്വപ്ന ജീവിതം വാഗ്ദാനം ചെയ്യുന്ന 'മൊബൈൽ കാമുകന്മാരെ' വിശ്വസിച്ചു പോവുന്ന മനസ്സിന്റെ ബലഹീനതയാണ് പല  അമ്മമാരെയും ഇത്തരത്തിലുള്ള ഒളിച്ചോട്ടങ്ങളിലേക്ക് നയിക്കപ്പെടുന്നത്. ഒരു മിസ്ഡ്കോളിൽ തുടങ്ങി തന്റെ പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിക്കാൻ പാകത്തിൽ മനസ്സിനെ മാറ്റിയെടുക്കുന്ന 'അദൃശ്യ പ്രണയ' വൈകാരികതക്കു മുമ്പിലാണ് പല അമ്മമാരും കീഴടങ്ങുന്നത്.  കുടുംബത്തിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങൾ പോലും പറഞ്ഞുതീർക്കാൻ ശ്രമിക്കാതെ പ്രശ്ന പരിഹാരങ്ങൾക്കായി മറ്റു സൗഹൃദങ്ങൾ തേടി പോകുന്ന തെറ്റായ പ്രവണതകളുടെ ഫലം കൂടിയാണ് ഇത്തരത്തിലുള്ള ഒളിച്ചോട്ടങ്ങൾ..

പുറമേ നിന്ന് നോക്കുമ്പോൾ തങ്ങൾ സുഖമായി ജീവിക്കുന്നുവെന്ന തോന്നലുകൾ ഉണ്ടാക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും  പല  വീടുകളിലും സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക, മാനസിക പിരിമുറുക്കവും, ഒറ്റപ്പെടലുകളും അവഗണനയുമൊക്കെ 
പങ്കുവെക്കാൻ പാകത്തിൽ തങ്ങളുടെ മുന്നിലേക്ക് കടന്നു വരുന്ന സൗഹൃദങ്ങളെ വിശ്വസിച്ചു പോവുകയാണ് പല സ്ത്രീകളുമിന്ന്. തന്നെ കേൾക്കാനും, മനസ്സിലാക്കാനും കഴിയുന്ന ഒരാത്മ  സുഹൃത്തായി  അവതരിക്കാൻ
'അയാൾ' ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നിടത്താണ്  ബന്ധങ്ങളുടെ തുടക്കമാരംഭിക്കുന്നത്. താനിതുവരെ കേൾക്കാത്ത, അനുഭവിക്കാത്ത നല്ല വാക്കുകളും, പ്രശംസയും, ശ്രദ്ധയും, അംഗീകാരവും, വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ലഭിക്കുമ്പോൾ അവ യഥാർത്ഥ സ്നേഹമാണന്ന്  തെറ്റിദ്ധരിക്കുകയാണ് പല കുടുംബിനികളും. ഇത്തരത്തിലുള്ള സൗഹൃദങ്ങൾ വളർത്തുന്നതിലും സ്വകാര്യ അനുഭൂതിയാക്കി മാറ്റുന്നതിലും സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വളരെ നിർണ്ണായകമാണ്. അതിരുകടക്കുന്ന സംസാരങ്ങളും 'കാഴ്ചകളും' തന്റെ വ്യക്തിപരമായ താൽപര്യങ്ങൾ പങ്കുവെക്കുന്നതിലേക്ക് എത്തുകയും പിന്നീട് സാമ്പത്തിക, ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നിത്യ കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കുടുംബങ്ങളിൽ തനിക്ക് തിരിച്ചുകിട്ടാത്ത സ്നേഹം സോഷ്യൽ മീഡിയയിൽ മറഞ്ഞിരുന്നു ബോധപൂർവ്വം സൃഷ്ടിക്കപ്പെടുമ്പോൾ ഇതാണ് യഥാർത്ഥ ജീവിതമെന്നും, സ്നേഹമെന്നും തെറ്റിദ്ധരിക്കുകയാണ് പലരുമിന്ന്. അപരിചിതരോട് ഇടപെടുമ്പോൾ ജീവിത രഹസ്യങ്ങളും വ്യക്തിപരമായ സ്വകാര്യതകളും പങ്കു വയ്ക്കപ്പെടുന്നതിലൂടെ അവർക്ക് ലഭിക്കുന്ന സൗഹൃദാധീശത്വം വൈകാരിക അടുപ്പത്തിലേക്കും ലൈംഗിക ചൂഷണങ്ങളിലേക്കും തിരിച്ചുവിടാൻ എളുപ്പത്തിൽ കഴിയുന്നു.

വീടുകളിൽ പരസ്പരം കേൾക്കാനും മനസ്സിലാക്കാനും ആരോഗ്യകരമായ ആശയവിനിമയം നടത്താനും കുടുംബാംഗങ്ങൾക്കാവുന്നില്ല. ബന്ധങ്ങൾക്കിടയിൽ തുറന്നു പറച്ചിലുകളും കേൾവികളും ഇല്ലാത്തതാണ് കുടുംബാന്തരീക്ഷം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സ്നേഹ
ദാരിദ്ര്യം. കുടുംബങ്ങളിൽ അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ പുറമെ നിന്നുള്ള പ്രലോഭനങ്ങൾക്ക് കീഴ്പ്പെടാനുള്ള സാധ്യതകളാണ് തുറന്നു വെക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബാന്തരീക്ഷത്തിൽ ഏത് മാനസികാവസ്ഥയിലായാലും പരസ്പരം കൂട്ടിപ്പിടിക്കാൻ കഴിയണം, സ്നേഹം കൊണ്ട് താങ്ങും തണലുമാവാൻ കഴിയണം. ഇഷ്ട്ടമില്ലാത്ത കല്യാണങ്ങൾക്ക് നിർബന്ധിക്കുകയും പിന്നീട് കുട്ടിയായതിനുശേഷം  പഴയ  കാമുകനോടൊപ്പം ജീവിക്കാൻ വീട്
വിട്ടിറങ്ങി പോകുന്ന കാഴ്ചയും സമൂഹത്തിൽ ഇന്ന് വിരളമല്ല. സോഷ്യൽ മീഡിയ ഇത്തരം ബന്ധങ്ങളെ 'ലൈവായി' നിലനിർത്തുന്നുവെന്നതാണ് പ്രധാന കാരണം. അമ്മമാർ സോഷ്യൽ മീഡിയ കാമുകൻമാരോടൊപ്പം ഒളിച്ചോടുന്നതിൽ അകത്തളങ്ങളിലെ ഭർത്താവിന്റെ മദ്യപാനവും, പീഢനവും, സംശയവും കുടുംബാന്തരീക്ഷത്തിലെ ഒറ്റപ്പെടലുകളും സാമ്പത്തിക പരാധീനതകളും, തിരിച്ചു കിട്ടാത്ത സ്നേഹവുമൊക്കെ കാരണമാവാറുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ വിവേകപൂർവ്വമല്ലാത്ത തീരുമാനങ്ങൾ തെറ്റായിരുന്നുവെന്ന് പല അമ്മമാരും തിരിച്ചറിയുന്നത് വളരെ വൈകി മാത്രമാണ്. വിലപ്പെട്ടതെല്ലാം കവർന്നെടുത്തശേഷം അവരെ പെൺവാണിഭ സംഘങ്ങൾക്ക് വിൽക്കപ്പെടുകയോ അല്ലെങ്കിൽ അതിന്റെ ഭാഗമായി സ്വയം മാറുകയോ ചെയ്യുമ്പോൾ മാത്രമാണ് താൻ അകപ്പെട്ടിരിക്കുന്ന ദുരിതത്തിന്റെ ആഴത്തെക്കുറിച്ച് ബോധ്യപ്പെടുക.

ചിലപ്പോഴൊക്കെ സമൂഹത്തിലെ 'വിലക്കുകൾ' തങ്ങൾക്ക് ബാധകമല്ലന്നും ജീവിതം നിശ്ചയിക്കേണ്ടതും നിയന്ത്രിക്കേണ്ടതും തങ്ങൾ തന്നെയാണെന്നുമുള്ള അപകടകരമായ ബോധം ചിലരെയെങ്കിലും പിടികൂടിയിരിക്കുന്നത് ഇത്തരത്തിലുള്ള കുത്തഴിഞ്ഞ ജീവിതം നയിക്കുന്നതിനു കാരണമാവാറുണ്ട്. ആഡംബര ജീവിതവും, യാത്രകളും, ലൈംഗികാസ്വാദനങ്ങളും അനുഭവിക്കുന്നതിനും തൃപ്തിയടിക്കുന്നതിനും തനിക്ക് ഇഷ്ടമുള്ള ആളുകളെ തേടി
പോകാമെന്ന 'സ്വതന്ത്രവാദം' അവരുടെ പേഴ്സണാലിറ്റി ഡിസോർഡറായി മാത്രമേ നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തിൽ കാണാൻ കഴിയുകയുള്ളൂ. ദാമ്പത്യ ബന്ധങ്ങളിലെ വിരസതയും, ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള വിമുഖതയും, ജീവിതം ആഘോഷമാണെന്ന മിഥ്യാധാരണയും ചിലരെയെങ്കിലും അതിരുകടന്ന സൗഹൃദങ്ങളിലേക്കും വിവാഹേതര ബന്ധങ്ങളിലേക്കും നയിക്കപ്പെടുന്നുവെന്നത്  ഒരു യാഥാർത്ഥ്യമാണ്. സോഷ്യൽ മീഡിയയുടെ മായികത ഒറ്റപ്പെടുന്നവർക്ക് ആഘോഷമായി മാറുന്ന ഇക്കാലത്ത് സ്വപ്നങ്ങളുടെ കൂമിളകളാണ് തങ്ങൾക്കുമുന്നിൽ തുറന്നു വെച്ചിരിക്കുന്നതെന്ന് തിരിച്ചറിയുന്നത് പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ മാത്രമാണ്. പുഞ്ചിരിയിലെ കാപട്യവും അദൃശ്യ പ്രണയത്തിലെ അപകടവും തിരിച്ചറിയാൻ സോഷ്യൽ മീഡിയയിൽ സജീവമാവുമ്പോൾ പലർക്കും കഴിയില്ല. ഒടുവിൽ മാനം നഷ്ട്ടപ്പെട്ട് ജീവിതം കൈപ്പിടിയിൽ നിന്ന് വഴുതി പോവുകയാണന്ന്  തിരിച്ചറിയുമ്പോഴാണ് താൻ അകപ്പെട്ടിരിക്കുന്നത് വലിയ ചതിക്കുഴികളിലാണന്ന് ഓർമ്മപ്പെടുക. നമുക്കു  മുന്നിൽ തുറന്നുവെക്കപ്പെട്ട സീരിയലുകളിലധികവും  അവിഹിത ബന്ധങ്ങളുടെ കഥകളും ഒളിച്ചോട്ടങ്ങളുടെ ഘോഷയാത്രകളുമാണ്. സീരിയലുകളിലെ നിത്യ കാഴ്ചകൾ  ജീവിതത്തെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ലന്ന് പറയാൻ കഴിയില്ല. പലപ്പോഴും അമ്മമാരുടെ ഒളിച്ചോട്ടത്തിനു പിന്നിൽ ഇത്തരത്തിലുള്ള സീരിയലുകളുടെ  സ്വാധീനവും മൊബൈൽ കാമുകന്മാരുടെ പ്രലോഭനങ്ങളും കാരണമാകുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്.
വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയ വഴി സൗഹൃദമുണ്ടാക്കുകയും ഇത്തരത്തിലുള്ള ഫേക്ക് ഐഡന്റിറ്റിയിലൂടെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറുന്നവരുടെ എണ്ണവും ഇന്ന് കുറവല്ല. സോഷ്യൽ മീഡിയയിൽ സൗഹൃദങ്ങളെ കരുതലോടെ വേണം തിരഞ്ഞെടുക്കാൻ. കിട്ടുന്ന എല്ലാ റിക്വസ്റ്റുകൾക്കും സമ്മതം നൽകുന്ന പ്രവണത അവസാനിപ്പിക്കുക, വിരസത അകറ്റാൻ ചാറ്റിംഗ് ആപ്പുകളിലേക്ക് തിരിയാതിരിക്കുക, സോഷ്യൽ മീഡിയയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ മിതത്വം പാലിക്കുകയോ അല്ലങ്കിൽ  പരിചയമുള്ള  സുഹൃത്തുക്കൾക്ക് മാത്രം കാണാൻ പാകത്തിൽ സെറ്റിംഗ്സിൽ മാറ്റങ്ങൾ വരുത്തുക,തുടങ്ങിയവയൊക്കെ നാം ചെയ്യേണ്ട മുൻകരുതലുകളാണ്.

സ്ത്രീകളുടെ ജീവിത നിലവാരത്തിലും, വിദ്യാഭ്യാസത്തിലും, രാഷ്ട്രീയ സാമൂഹ്യബോ‌ധത്തിലും, ആത്മീയതയിലുമൊക്കെ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ചില അമ്മമാർക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ ഇത്തരം പ്രവണതകൾക്ക് കാരണം  സോഷ്യൽ മീഡിയയുടെ സ്വാധീനം മാത്രമാണെന്ന നിഗമനം ശരിയല്ല.  അകത്തളങ്ങളിൽ അനുഭവിക്കുന്ന സ്നേഹ ദാരിദ്യവും, ഒറ്റപ്പെടലും, കുറ്റപ്പെടുത്തലും, ആരോഗ്യകരമായ ആശയവിനിമയത്തിന്റെ അഭാവവും, പരിഗണനയില്ലായ്മയുമൊക്കെ ഒളിച്ചോട്ടങ്ങൾക്കും വിവാഹേതര ബന്ധ കൾക്കും കാരണമാകുന്നുണ്ടെന്നു കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. കുടുംബത്തിൽ പരസ്പരം വിഷമങ്ങളും സന്തോഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും പങ്കുവെക്കപ്പെടുകയും  പ്രശ്നങ്ങളെ ആത്മാർത്ഥതയോടെ പരിഹരിക്കപ്പെടുകയും ചെയ്യപ്പെടേണ്ടതുണ്ട്. കുടുംബാന്തരീക്ഷത്തിൽ പരസ്പര സ്നേഹവും വിട്ടുവീഴ്ചയും ആത്മാർത്ഥതയും മൂല്യ മതബോധവുമൊക്കെ പ്രശ്നങ്ങളെ പരിഹരിക്കപ്പെടാനും തെറ്റായ വഴിയിലേക്ക് സഞ്ചരിക്കപ്പെടുന്നതിനറുതി വരുത്താനും സഹായിക്കുന്ന ഘടകങ്ങളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍