വൻപയർ മസാലക്കറി, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം
പ്രോട്ടീൻ കലവറയാണ് വൻപയർ. ദിവസവും വൻപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കുട്ടികളിൽ ഓർമ്മശക്തി, ഏകാഗ്രത ഇവ മെച്ചപ്പെടുത്താൻ വൻപയർ വളരെ നല്ലതാണ്. വൻപയർ വച്ച് രുചികരമായ ധാരാളം വിഭവങ്ങൾ തയ്യാറാക്കാം.
ചോറ്, പുട്ട് , ചപ്പാത്തി, പൂരി, അപ്പം, ഇടിയപ്പം, പൊറോട്ട ഇവയുടെ കൂടെ കഴിക്കാൻ ഏറെ രുചിയുള്ള വൻപയർ മസാല കറി. തയ്യാറാക്കാൻ വളരെ എളുപ്പവും.
ചേരുവകൾ
1.വൻപയർ - ഒരു കപ്പ്
2.സവാള നീളത്തിലരിഞ്ഞത് - 2
ഇഞ്ചി - ഒരിഞ്ച് കഷ്ണം
വെളുത്തുള്ളി - 6 അല്ലി
പച്ചമുളക് - 2
തക്കാളി - 1
തേങ്ങാക്കൊത്ത് - കാൽ കപ്പ്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
3.കാശ്മീരി മുളകുപൊടി - രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂൺ
പെരുംജീരകപ്പൊടി - ഒരു ടീസ്പൂൺ
4.വെളിച്ചെണ്ണ - രണ്ടു ടേബിൾസ്പൂൺ
5. കടുക് - ഒരു ടീസ്പൂൺ
ചെറിയ ഉള്ളി - 3 അല്ലി
കറിവേപ്പില - രണ്ട് തണ്ട്
വറ്റൽ മുളക്-2
തയാറാക്കുന്ന വിധം
വൻപയർ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവകളും ഒന്നര കപ്പ് വെള്ളവും ചേർത്ത് പ്രഷർകുക്കറിൽ ആറു വിസിൽ വരുന്നതുവരെ വേവിക്കുക. (തലേദിവസം തന്നെ കുതിർത്തു വച്ചിരുന്നാൽ രണ്ടു വിസിൽ മതിയാകും).
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, ഉണക്കമുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും വഴറ്റുക.
ഉള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ചതിന് ശേഷം മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
ഇതിലേക്ക് വേവിച്ച വൻപയറും ആവശ്യത്തിന് തിളച്ച വെള്ളവും ചേർത്ത് ചാറു കുറുകുമ്പോൾ തീ ഓഫ് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍