കെ പി അനില്‍കുമാർ ഒഡെപെക്ക് ചെയര്‍മാന്‍


പൊതുമേഖല സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്പ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് (ഒഡെപെക്ക്) ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനായി അഡ്വ. കെപി അനില്‍ കുമാറിനെ നിയമിച്ചു. നാളെ രാവിലെ 10 മണിക്ക് അനില്‍കുമാര്‍ ചുമതല ഏറ്റെടുക്കും.

കോണ്‍ഗ്രസ് വിട്ടെത്തിയ കെപി അനില്‍കുമാറിനെ സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് പാര്‍ട്ടി ആദ്യ ചുമതല നല്‍കിയിരിന്നത്. എളമരം കരിം, ടി പി രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പമാണ് അനില്‍കുമാര്‍ ചുമതല പങ്കിടുന്നത്. ജനുവരി 10 മുതല്‍ 12 വരെയാണ് സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം.


അതേസമയം, കോണ്‍ഗ്രസ് വിട്ടെത്തിയ കെപി അനില്‍കുമാറിനും പി എസ് പ്രശാന്തിനും ഉടന്‍ പാര്‍ട്ടി അംഗത്വമോ ഭാരവാഹിത്വമോ സിപിഐഎം നല്‍കിയേക്കില്ല എന്നാണ് സൂചന. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് നേരിട്ട് പാര്‍ട്ടി അംഗത്വം നല്‍കണമെങ്കില്‍ കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. അതേസമയം, പാര്‍ട്ടിയില്‍ എത്തിയവരെ വര്‍ഗ്ഗ ബഹുജന സംഘടനകളുമായി സഹകരിപ്പിക്കാനാണ് സിപിഐഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട്‌സിപിഐഎമ്മിലേക്ക് എത്തിയവര്‍ക്ക് കുറച്ചുനാള്‍ നിരീക്ഷണ കാലമായിരിക്കും. പാര്‍ട്ടി അംഗത്വം ഇവര്‍ക്ക് നേരിട്ട് നല്‍കാന്‍ സിപിഐഎം ഭരണഘടനയനുസരിച്ച് കഴിയില്ല. അതിന് കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം. അതുകൊണ്ടുതന്നെ കെ പി അനില്‍കുമാറും പി എസ് പ്രശാന്തും സിപിഐഎം അംഗത്വത്തിന് കാത്തിരിക്കേണ്ടി വരും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും നല്‍കില്ല. അത്തരം പദവികളില്‍ താത്പര്യമില്ലെന്ന്ഇരു നേതാക്കളും സിപിഐഎമ്മിനെ അറിയിച്ചിട്ടുമുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍