മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസം; സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: വഖഫ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. സമരത്തിനും പ്രതിഷേധത്തിനുമില്ലെന്നും സമരം ആഹ്വാനം ചെയ്തിട്ടില്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടേത് മാന്യമായ പ്രതികരണമായിരുന്നെന്നും വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ലീഗുമായി അകലമുണ്ടോ എന്ന ചോദ്യത്തിന്, ഒരു പാര്‍ട്ടിയുമായും അകലമില്ല എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി. ലീഗിന്റെ റാലി രാഷ്ട്രീയ റാലിയാണ്. മുസ്‌ലിം സംഘടനകളുടെ പൊതു കോഡിനേഷന്‍ കമ്മിറ്റി സമസ്തക്കില്ല. അത് ആവശ്യം വരുമ്പോള്‍ തങ്ങന്മാര്‍ വിളിക്കുമ്പോള്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുക എന്നതാണ്’, അദ്ദേഹം പറഞ്ഞു.
’ആദ്യം തന്നെ ഞങ്ങള്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. സമസ്തയുടെ തീരുമാനം പ്രതിഷേധ പ്രമേയം പാസാക്കാനാണ്. അതിനു ശേഷം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് വെച്ചതാണ്. ഞങ്ങള്‍ സംസാരിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇങ്ങോട്ടു വിളിച്ചു. നമുക്കീ വിഷയം സംസാരിച്ചു തീര്‍ക്കണം എന്ന് പറഞ്ഞു. സംസാരം അനുകൂലമാണെങ്കില്‍ സമരത്തിന്റെ ആവശ്യമില്ലല്ലോ. അനുകൂലമല്ലെങ്കില്‍ അതിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും, അദ്ദേഹം പറഞ്ഞു.
നിയമം പിന്‍വലിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് പിന്‍വലിക്കാന്‍ തയ്യാറാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തുടര്‍നടപടി ഇല്ലാത്ത നിലയ്ക്ക് ഭാവില്‍ എന്തു ചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഇത് മാന്യമായ വാക്കല്ലേ എന്നുമായിരുന്നു ജിഫ്രിക്കോയ തങ്ങളുടെ മറുപടി.
‘ഞങ്ങള്‍ ആദ്യമേ സമരം ചെയ്തിട്ടില്ല. സമസ്തക്ക് സമരം എന്നൊരു സംഗതിയില്ല. പിന്നെ പ്രതിഷേധമാണ്. സമസ്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കിയിട്ടുണ്ട്.’ – അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍