സ്കൂട്ടറിൽ എത്തി മാലപൊട്ടിച്ച് രമാദേവി; മരത്തിനു മുകളിൽ എല്ലാം കണ്ട് ഒരാൾ; കുടുങ്ങി


കലവൂർ: റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ, ആർഭാട ജീവിതം നയിക്കുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കളപ്പുര ചക്കംപറമ്പ് വീട്ടിൽ രമാദേവി(45)യെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കലവൂർ പാലത്തിന് തെക്കു കൂടി നടന്നു പോകവേ സമീപവാസിയായ സരസമ്മ(81)യുടെ സ്വർണമാലയാണ് പൊട്ടിച്ചത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം.

സരസമ്മയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിൽ എത്തിയ രമ മാല പൊട്ടിക്കുകയായിരുന്നു. പെട്ടെന്ന് സരസമ്മ പിടിച്ചതിനാൽ ഒരുപവന്റെ മാലയിൽ മൂന്നര ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. ഇതേസമയം സമീപത്തെ മരത്തിന് മുകളിലുണ്ടായിരുന്ന മരംവെട്ട് തൊഴിലാളി ഇത് കാണുന്നുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്തി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മോഷ്ടിച്ച സ്വർണാഭരണത്തിന്റെ ഭാഗം ആലപ്പുഴയിലെ സ്വർണക്കടയിൽ ഇവർ വിറ്റിരുന്നു. ഇതും പൊലീസ് പിടിച്ചെ‌ടുത്തു. സ്വകാര്യ കമ്പനിയുടെ നെറ്റ്‌വർക്കറായ രമയ്ക്ക് കാർ ഉൾപ്പെടെ 3 വാഹനങ്ങളുള്ളതായും ആർഭാട ജീവിതത്തിനാണ് പണം വിനിയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡിവൈഎസ്പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ സിഐ പി.കെ.മോഹിത്, എസ്ഐ കെ.ആർ.ബിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍