യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണ സംഭവം; വീഴ്ച വരുത്തിയ അസിസ്റ്റന്റ് എഞ്ചിനിയറെ സ്ഥലംമാറ്റി
കോഴിക്കോട്: താമരശ്ശേരിയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ യാത്രക്കാരൻ വീണ സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ വീഴ്ച വരുത്തിയതിന് കെഎസ്ടിപി കണ്ണൂർ അസിസ്റ്റന്റ് എഞ്ചിനിയറെ മൂവാറ്റുപുഴ ഡിവിഷനിലേക്ക് സ്ഥലംമാറ്റി. ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദേശിച്ചിരുന്നു.
സംഭവത്തിലെ സുരക്ഷാ വീഴ്ചയിൽ വിശദീകരണം ആവശ്യപ്പെട്ട് കരാർ കമ്പനിയായ ശ്രീധന്യ കൺസ്ട്രക്ഷന് നോട്ടീസും നൽകിയിട്ടുണ്ട്. വിഷയം വിശദമായി പരിശോധിക്കണമെന്നും 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും പിഡബ്ല്യുഡി വിജിലൻസിന് നിർദേശം നൽകി.
കെഎസ്ടിപി പ്രോജക്റ്റ് ഡയറക്ടറോട് ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച് ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു. വലിയ തെറ്റ് സംഭവിച്ചുവെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും രാത്രിയിൽ വയ്ക്കേണ്ട റിഫ്ളക്ടർ അടക്കം ഇവിടെ സ്ഥാപിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്.
നേരത്തെ എക്സിക്യൂട്ടീവ് എഞ്ചിനിയർ നൽകിയ റിപ്പോർട്ട് കരാർ കമ്പനിയെ തീർത്തും വെള്ളപൂശുന്നതായിരുന്നു. ഇതു തള്ളിക്കൊണ്ടാണ് വിശദമായ അന്വേഷണത്തിന് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍