മൾട്ടിപ്പിൾ മയലോമ കേരളത്തിൽ വർധിക്കുന്നു; ഈ കാൻസറിനെ എങ്ങനെ തിരിച്ചറിയാം?
ഗുരുതരമായ ഒരു രക്താർബുദമാണ് മൾട്ടിപ്പിൾ മയലോമ. മുൻപ് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളിൽ മൾട്ടിപ്പിൾ മയ്ലോമയുടെ തോത് കുറവാണെങ്കിലും ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ രോഗം വർധിച്ചുവരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 55 മുതൽ 65 വരെ പ്രായമുള്ളവരിൽ വരുന്ന കാൻസറിൽ എട്ടു മുതൽ പത്തു ശതമാനം വരെ മൾട്ടിപ്പിൾ മയലോമയാണെന്നാണ് റിപ്പോർട്ട്.
കേരളത്തിലും ഈ രോഗം കൂടുതലായി കാണുന്നുണ്ടെന്നാണ് കാൻസർ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ രോഗം സംബന്ധിച്ച ബോധവത്കരണം അനിവാര്യമാണ്. ഇതുവഴി കൂടുതൽ ആളുകൾക്ക് രോഗം തിരിച്ചറിയാനും കൃത്യമായ ചികിത്സയിലൂടെ പെട്ടെന്നുള്ള മരണനിരക്ക് കുറയ്ക്കാനും സഹായിക്കും.
മൾട്ടിപ്പിൾ മയലോമ ബോധവത്ക്കരണ മാസമാണ് മാർച്ച്. പൊതുജനങ്ങൾക്ക് മൾട്ടിപ്പിൾ മയലോമ രോഗത്തെക്കുറിച്ച് മനസ്സിലാക്കാനും രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടാനും അതുവഴി രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനും സാധിക്കും.
എന്താണ് മൾട്ടിപ്പിൾ മയലോമ
ശരീരത്തിൽ അണുബാധകൾക്കെതിരെ പോരാടുന്നതിനായി ആന്റിബോഡികളെ നിർമ്മിക്കുന്ന ഒരുതരം ശ്വേത രക്താണുക്കളാണ് പ്ലാസ്മ കോശങ്ങൾ. രോഗാണുക്കളെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്ന ആന്റിബോഡികളാണ് ഇമ്മ്യൂണോഗ്ലോബുലിൻ. എന്നാൽ ഈ പ്ലാസ്മ കോശങ്ങൾ കാൻസർ കോശങ്ങളായി മാറുകയും അസ്ഥി മജ്ജയിൽ അടിഞ്ഞുകൂടി അനിയന്ത്രിതമായി വളർന്ന് ആരോഗ്യമുള്ള രക്തകോശങ്ങളെ നശിപ്പിക്കുകയും അസ്ഥികളെ ദുർബലമാക്കുകയും ചെയ്യുന്നു. അങ്ങനെ ഈ കാൻസർ മജ്ജയിൽ നിന്ന് ആരംഭിക്കുന്നു.
മൾട്ടിപ്പിൾ മയലോമ ബാധിക്കുമ്പോൾ കാൻസർ കോശങ്ങൾ അസ്ഥികളെ ദുർബലമാക്കും. ഇതിനെത്തുടർന്ന് അസ്ഥികൾക്ക് ഒടിവും നടുവേദനയും ഉണ്ടാകും. വൃക്കയെ ബാധിക്കുന്ന ചില പ്രോട്ടീനുകൾ മൾട്ടിപ്പിൾ മയലോമ കോശങ്ങൾ ഉത്പാദിപ്പിക്കുന്നു. ഹൃദയം, വൃക്ക, നാഡീവ്യവസ്ഥ എന്നിവയ്ക്ക് ദോഷകരമായ രീതിയിൽ കൂടിയ അളവിൽ കാത്സ്യമാണ് ഇവ പുറത്തുവിടുന്നത്. ഇതിന്റെ ഭാഗമായി ഹീമോഗ്ലോബിന്റെ അളവ് ശരീരത്തിൽ ഗണ്യമായി കുറയും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും രോഗബാധിതരാകാൻ സാധ്യത കൂടുകയും ചെയ്യുന്നു. ഓക്കാനം, വിശപ്പില്ലായ്മ, മലബന്ധം, നിരന്തരമായ ക്ഷീണം, ചെറിയ അണുബാധകൾ പതിവായി ഉണ്ടാവൽ, ഭാരക്കുറവ്, കാലുകൾക്ക് ബലം കുറയൽ, മരവിപ്പ്, അമിതമായ ദാഹം, കാലിൽ വീക്കം, മൂത്രം കുറയൽ, മൂത്രത്തിൽ രക്തം, തലകറക്കം, രുചിയില്ലായ്മ എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.
പക്ഷേ ഈ ലക്ഷണങ്ങൾ മൾട്ടിപ്പിൾ മയലോമയുടെ ലക്ഷണങ്ങൾ മാത്രമല്ലാത്തതിനാൽ രോഗം ഉറപ്പിക്കാനാവില്ല. അതിനാൽ നടുവേദന, ഹീമോഗ്ലോബിന്റെ കുറവ്, വൃക്കരോഗം, നട്ടെല്ലിന് ചതവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ഡോക്ടറെ കണ്ട് മൾട്ടിപ്പിൾ മയലോമ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
പരിശോധന
രക്തപരിശോധനയിലൂടെയാണ് രോഗമുണ്ടോയെന്ന് തിരിച്ചറിയുന്നത്. ബ്ലഡ് എം.സ്പൈക്ക് ടെസ്റ്റിലൂടെ രക്തത്തിലെ പ്രോട്ടീൻ നില കണ്ടെത്താമെങ്കിലും രോഗം സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ വേണ്ടിവരും. മൂത്രപരിശോധന വഴി വൃക്കയിലെ പ്രോട്ടീന്റെ അളവ് തിരിച്ചറിയാം. മജ്ജ എടുത്ത് പരിശോധിക്കേണ്ടി വരും. ഇതുവഴി പ്ലാസ്മ കോശങ്ങൾ എത്രമാത്രം വർധിച്ചിട്ടുണ്ടെന്നും ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടോയെന്നും തിരിച്ചറിയാം. എക്സ്റേ, സി.ടി. സ്കാൻ, എം.ആർ.ഐ. എന്നീ പരിശോധനകൾ വഴി അസ്ഥി സംബന്ധമായ പ്രശ്നങ്ങളും കണ്ടെത്താം.
രോഗനിയന്ത്രണം
മുൻകാലത്ത്, ഈ രോഗം ബാധിച്ചാൽ ചികിത്സ ഇല്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. പൂർണമായും ഭേദമാക്കാൻ സാധിക്കില്ലെങ്കിലും പ്രമേഹത്തെ ചികിത്സയിലൂടെ നിയന്ത്രിച്ചുകൊണ്ടുപോകുന്നതുപോലെ ഈ രോഗത്തെയും നിയന്ത്രിച്ചുകൊണ്ടുപോകാൻ സാധിക്കും.
കീമോതെറാപ്പി, റേഡിയേഷൻ, ടാർഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സാരീതികളിലൂടെ 10-15 വർഷമെങ്കിലും രോഗത്തെ നിയന്ത്രിച്ചു കൊണ്ടുപോകാൻ സാധിക്കും.
ഓരോ വർഷവും ചികിത്സാരീതിയിൽ വലിയ പുരോഗതിയുണ്ടാവുന്നുണ്ട്. ചികിത്സയ്ക്ക് ആവശ്യമായ ആശുപത്രി സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും ഇന്ന് കേരളത്തിൽ ലഭ്യമാണ്. ആദ്യഘട്ടത്തിലെ കീമോ ചികിത്സ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ ചെയ്യാവുന്നതാണ്. തുടർന്ന് വരുന്ന മജ്ജമാറ്റിവയ്ക്കൽ ചെയ്യുന്ന ആറോളം ആശുപത്രികളും കേരളത്തിലുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയില്ലാത്തതും ശാരീരിക-മാനസിക ആരോഗ്യമുള്ളവരുമായ 65 വയസു വരെയുള്ള രോഗികൾക്ക് മജ്ജമാറ്റിവയ്ക്കൽ ചെയ്യാവുന്നതാണ്. ആർസിസി ഉൾപ്പടെയുള്ള കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ മൾട്ടിപ്പിൾ മയ്ലോമ ചികിത്സ ലഭ്യമാണ്. കേരളത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍