പി.എസ്.സി. വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഭർത്താവിന് പിന്നാലെ ഭാര്യയും അറസ്റ്റിൽ


വിളപ്പിൽശാല: പി.എസ്.സി. വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ വിളപ്പിൽശാല പോലീസ് പിടികൂടി. പേരൂർക്കട മണ്ണാംമൂല ലൈൻ ഗാന്ധി സ്ട്രീറ്റ് പങ്കജവിലാസത്തിൽനിന്നും പേട്ട പ്രിയശ്രീ ടി.സി. 30/10ൽ താമസിക്കുന്ന കെ.ശുഭ(42)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പി.എസ്.സി. വഴി പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെന്ററിൽ ജോലി ശരിയാക്കാമെന്നു പറഞ്ഞ് പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരിൽ നിന്നും 3,80,000-രൂപ കൈക്കലാക്കി മുങ്ങിയ കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായ ഇവരുടെ ഭർത്താവ് സാബുവിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

തട്ടിപ്പിനുശേഷം മുങ്ങിയ ശുഭ കോഴിക്കോട് ബാലുശ്ശേരിക്കടുത്തുള്ള കാട്ടാമ്പടിയെന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വി.ദിവ്യാ ഗോപിനാഥിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാട്ടാക്കട ഡിവൈ.എസ്.പി. കെ.എസ്.പ്രശാന്തിന്റെ നിർദേശമനുസരിച്ച് വിളപ്പിൽശാല ഇൻസ്പെക്ടർ എൻ.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ഗംഗാപ്രസാദ്, എ.എസ്.ഐ. ബൈജു ആർ.വി., സി.പി.ഒ. പ്രദീപ്, സ്വാതി എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയ്ക്ക് മണ്ണന്തല സ്റ്റേഷനിലുൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ട്. ഭാര്യാഭർത്താക്കന്മാരായ പ്രതികൾ മറ്റുള്ളവരോട് നല്ല പെരുമാറ്റം കൊണ്ട് അടുപ്പം കാണിച്ച് അടുത്തുകൂടുകയും ജോലി ശരിയാക്കാമെന്നു പറഞ്ഞ് പണം വാങ്ങി ജില്ല വിട്ട് പോയി ആർഭാടജീവിതം നയിക്കുകയുമാണ് പതിവെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ തട്ടിപ്പിനിരയായവർ ഇനിയുമുണ്ടെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍