വിദ്യാർഥികളും യുവാക്കളും ഏറ്റുമുട്ടി; വെട്ടിപരിക്കേൽപ്പിക്കാനും ശ്രമം


തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർഥികളും യുവാക്കളും തമ്മിൽ സംഘർഷം. ചൊവ്വാഴ്ച വൈകിട്ടാണ് കാട്ടാക്കട ബസ് സ്റ്റാൻഡിൽ ഒരുവിഭാഗം വിദ്യാർഥികളും യുവാക്കളും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ യുവാക്കൾ ഒരു വിദ്യാർഥിയെ വെട്ടിപരിക്കേൽപ്പിക്കാൻ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബസ് സ്റ്റാൻഡിലെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽവെച്ചാണ് ഇരുവിഭാഗങ്ങളും തമ്മിൽ പോരടിച്ചത്. വാളുമായെത്തിയ യുവാക്കൾ ഒരു വിദ്യാർഥിയെ വെട്ടിപരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലായി. ഏകദേശം അരമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ എല്ലാവരും ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട നാലുപേരെ മാത്രമാണ് പോലീസിന് പിടികൂടാനായത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കാട്ടാക്കട ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകളാണ് സംഘർഷത്തിന് കാരണമായതെന്നാണ് സൂചന. കാട്ടാക്കട കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ വ്യാപകമാവുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍