രേഷ്മയെ സ്വീകരിക്കാന്‍ ബിജെപി നേതാവ്
കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ അധ്യാപിക രേഷ്മ ജാമ്യം ലഭിച്ച് ഇറങ്ങിയപ്പോള്‍ സ്വീകരിക്കാനെത്തിയത് ബിജെപി നേതാവ്. തലശേരി നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ അജേഷാണ് രേഷ്മയെ സ്വീകരിക്കാന്‍ എത്തിയത്. ഇന്ന് വൈകീട്ടാണ് രേഷ്മ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
തലശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രേഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് രേഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. പിണറായി- ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാഴ്ച പ്രവേശിക്കരുത്, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം, 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രേഷ്മ പുറത്തിറങ്ങിയത്.
സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ചതിനാണ് രേഷ്മയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ നിജിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍