അടി, ഇടി, കോൺക്രീറ്റിൽ കുത്തിയിരിപ്പ്, തോളിൽ കയറി ആക്രമണം, കല്ലേറ്; ചെറുത്തുനിന്ന് നാട്ടുകാർ


മലപ്പുറം: റോഡ് നവീകരണവുമായി ബന്ധപ്പെട്ട് റോഡരികിൽ തമ്മിൽത്തല്ലി നാട്ടുകാരും കുടുംബവും. വളന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഈങ്ങേങ്ങൽപടി - രാമൻ കാവ് റോഡ് കോൺക്രീറ്റുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷമുണ്ടായത്.

കഴിഞ്ഞ 25 വർഷമായി നിർമ്മിച്ച റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത രീതിയിലായിരുന്നു. പഞ്ചായത്ത് ആസ്തിയുള്ള ഈ റോഡ് പ്രദേശത്തെ ഒരു കുടുംബത്തിന്റെ തടസ്സം മൂലം നവീകരിക്കാനോ യാത്രാ യോഗ്യമാക്കാനോ സാധിച്ചിരുന്നില്ല. പ്രദേശവാസികൾ ഫണ്ട് ശേഖരിച്ച് കോൺക്രീറ്റ് ചെയ്യാൻ വേണ്ടി എത്തിയപ്പോഴായിരുന്നു സംഘർഷം ഉണ്ടായത്.

പ്രതിഷേധവുമായി ഈ കുടുംബം രംഗത്തെത്തുകയായിരുന്നു. കോൺക്രീറ്റ് ജോലി തടസ്സപ്പെടുത്തിയ കുടുംബം കോൺക്രീറ്റിൽ കിടന്നും വാക്കേറ്റമുണ്ടാക്കിയും സംഘർഷം സൃഷ്ടിക്കുകയായിരുന്നു. വാക്കേറ്റം പിന്നീട് കൈയാങ്കളിയിലെത്തി. റോഡ് നവീകരണത്തിന് എത്തിയവരെ കല്ലെറിഞ്ഞു ഇരുമ്പു കൊണ്ടും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കമുള്ളവരാണ് റോഡ് നവീകരണത്തിന് എത്തിയവരെ ആക്രമിച്ചത്.

കല്പകഞ്ചേരി പോലീസിന്റെ സാന്നിധ്യത്തിലാണ് നാട്ടുകാർ കോണ്ക്രീറ്റ് ജോലി പൂർത്തിയാക്കിയത്. വാർഡ് മെമ്പർ റൈഹാനത്ത് പടിക്കൽ, വളവന്നൂർ പഞ്ചായത്ത് അംഗങ്ങളായ പി.സി. കബീർ ബാബു, അബ്ദുൽ കരീം കൊണ്ടാരത്ത്, ഫാത്തിമ ടീച്ചർ, നാസർ മോൻ, അബ്ദുൽ ഖാദർ കുന്നത്ത്, അമീർ എളയോടത്ത് ഷംസുദ്ദീൻ പി.സി, പോക്കർ വൈദ്യർ, സി.പി അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ ജനകീയമായി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍