രാത്രി മാത്രം പുറത്തിറങ്ങും, വീടുകളിൽ ഒളിഞ്ഞുനോട്ടം, മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ


കോഴിക്കോട്: രാത്രികാലങ്ങളിൽ വീടുകളിൽ ഒളിഞ്ഞുനോക്കുകയും മോഷണം നടത്തുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊടശ്ശേരിപറമ്പ് സ്വദേശി ഹ്യൂണ്ടായ് അനസ് എന്ന അനസ് പോലീസിന്റെ പിടിയിൽ. കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പോലീസും ചേർന്നാണ് കൂടത്തുംപൊയിലിലെ വാടകവീട്ടിൽ രഹസ്യമായി താമസിച്ചിരുന്ന അനസിനെ പിടികൂടിയത്. ഇരുട്ടിന്റെ മറവിൽ വീടുകളിൽ കയറി സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തുനിന്ന് ആഭരണങ്ങൾ കവർന്നെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മന്റെ നിർദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് അനസിനെ പിടികൂടാനായത്. ഇതോടെ കഴിഞ്ഞ ഒരുവർഷമായി അന്വേഷണം നടത്തിവരുന്ന കേസുകളുടക്കം നിരവധി മോഷണക്കേസുകൾക്ക് തുമ്പുണ്ടായി.

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്ന് കുഞ്ഞിനെ വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിൽ ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ആഴ്ച എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതോടെ സിറ്റി ക്രൈം സ്ക്വാഡിന്റെ പിടിയിലാകുകയായിരുന്നു. ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ, പന്നിയങ്കര,നല്ലളം, മെഡിക്കൽ കോളേജ്, കുന്നമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളവണ്ണയിൽ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ ബ്രേസ്ലെറ്റ് മോഷ്ടിച്ചതുൾപ്പെടെ പന്തീരാങ്കാവ്, മാവൂർ,എലത്തൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ അന്വേഷണം നടക്കുന്ന കേസുകളിലും പ്രതി കുറ്റസമ്മതം നടത്തി.


വർഷങ്ങളായി രാത്രി സമയത്ത് ഇറങ്ങി നടന്ന് വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. മോഷ്ടിച്ച സ്വർണ്ണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. ആഭരണങ്ങൾ കവർന്നെടുക്കുന്നതോടൊപ്പം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈൽ ഫോണും മോഷ്ടിക്കുന്ന പ്രതി ഫോൺ വഴിയിലുപേക്ഷിക്കുകയും ദീർഘദൂര വാഹനങ്ങളിൽ ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്യാറുണ്ട്. പോലീസ് പിടിക്കാതിരിക്കാൻ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് കക്കോടി കൂടത്തുംപൊയിലിൽ വാടകയ്ക്ക് വീടെടുത്ത് രഹസ്യമായി താമസം ആരംഭിച്ചു. പകൽസമയത്ത് പുറത്തിറങ്ങാതെ രാത്രി ഇരുട്ടിന്റെ മറവിൽ മാത്രം പുറത്തിറങ്ങുന്നതിനാൽ ഇയാളെക്കുറിച്ച് അയൽവാസികൾക്ക് പോലും അറിവുണ്ടായിരുന്നില്ല. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്.

എലത്തൂർ ഇൻസ്പെക്ടർ സായൂജ് കുമാർ, എസ്ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡൻസാഫ് അസിസ്റ്റന്റ് എസ്ഐമാരായ മനോജ് എടയേടത്ത്, കെ.അഖിലേഷ് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ സുജിത്ത്,ഷാഫി പറമ്പത്ത്, എലത്തൂർ സിപിഒ അബ്ദുൽ സമദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍