യൂത്ത് ലീഗ് യുവ ജാഗ്രതാ റാലി ഇന്ന് താമരശ്ശേരിയിൽ

താമരശ്ശേരി: ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം എന്ന പ്രമേയത്തിൽ കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഇന്ന് തിങ്കൾ വൈ: 4 മണിക്ക് താമരശ്ശേരിയിൽ നടത്തുന്ന യുവ ജാഗ്രതാ റാലിയിൽ 1000 പ്രവർത്തകർ അണിനിരക്കുമെന്ന് മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു. മെയ് 23 മുതൽ 27 വരെ താമരശ്ശേരിയിലും കൊടുവള്ളിയിലുമായി നടക്കുന്ന മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ വിളംബരം കൂടിയാണ് റാലി. ഇന്ന് വൈകു: 4 മണിക്ക് താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിനടുത്ത് നിന്ന് റാലി ആരംഭിക്കും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈൻ കുട്ടി ഫ്ലാഗ് ഓഫ് ചെയ്യും.

 യുവ ജാഗ്രതാ റാലി താമരശ്ശേരി ടൗണിലൂടെ നീങ്ങി പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും. 5 മണിക്ക് സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൽഘാടനം ചെയ്യും. എ.കെ.എം.അഷ്റഫ് എം.എൽ.എ മുഖ്യാതിഥിയാകും. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ് അബ് കീഴരിയൂർ പ്രമേയ പ്രഭാഷണം നടത്തും. റാലിയുടെ മുന്നൊരുക്കമായി മണ്ഡലത്തിലെ മുൻസിപാലിറ്റിയിലും മുഴുവൻ പഞ്ചായത്ത്കളിലും നേതൃസംഗമങ്ങൾ നടന്നു. സംഘ് പരിവാർ ഫാസിസത്തിനും അതിനെ പ്രതിരോധിക്കാനുള്ള സായുധ പ്രവർത്തനങ്ങൾക്കും മതവിശ്വാസികൾക്കിടയിൽ മതനിരാസം ഒളിച്ച് കടത്താനുള്ള കമ്മ്യൂണിസ്റ്റ് അജണ്ടക്കുമെതിരായ ശക്തമായ താക്കീതാവും റാലി എന്ന് ഭാരവാഹികൾ പറഞ്ഞു. 

യോഗത്തിൽ സംസ്ഥാന കമ്മറ്റിയംഗം റഫീഖ് കൂടത്തായ്, മണ്ഡലം ജന. സിക്രട്ടറി എം.നസീഫ്, ട്രഷറർ ഒ.കെ. ഇസ്മയിൽ , സീനിയർ വൈ: പ്രസിഡണ്ട് എ ജാഫർ , മണ്ഡലം ഭാരവാഹികളായ മുജീബ് ചളിക്കോട്, കെ.സി. ഷാജഹാൻ യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ ജനറൽ സെക്രട്ടറി എ.പി. സമദ് കോരങ്ങാട്, ട്രഷറർ ഇഖ്ബാൽ പൂക്കോട് എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍