കോൺഗ്രസിനെ സിപിഎം തുണച്ചു; കോടംതുരുത്തിലും ബിജെപി പുറത്തായി
ആലപ്പുഴ: തുറവൂര്‍ കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് ഭരണം കൈവിട്ട് ബിജെപി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയെ എല്‍ഡിഎഫിലെ 3 അംഗങ്ങളും അനുകൂലിച്ചതോടെ പഞ്ചായത്ത് പ്രസിഡന്‍റ് ബിനീഷ് ഇല്ലിക്കല്‍, വൈസ് പ്രസിഡന്‍റ് അഖില രാജന്‍ എന്നിവരുടെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. 15 അംഗ പഞ്ചായത്തില്‍ ബിജെപി 7, കോണ്‍ഗ്രസ് 5, എല്‍ഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷിനില.
ഭരണ പരാജയം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവന്നത്. ബിനീഷ് ഇല്ലിക്കലിനെതിരെ വി.ജി ജയകുമാറും അഖില രാജനെതിരെ ഷൈലജന്‍ കാട്ടിത്തറയുമാണ് അവിശ്വാസം കൊണ്ടുവന്നത്. അരൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് ഭരണം ലഭിച്ച ഏക പഞ്ചായത്തായിരുന്നു കോടംതുരുത്ത്. ഇതോടെ ഒരുമാസത്തിനിടെ ആലപ്പുഴ ജില്ലയില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട പഞ്ചായത്തുകളുടെ എണ്ണം 3 ആയി.
