പ്രണയം നിരസിച്ചതിന് കുത്തിക്കൊല്ലാൻ ശ്രമം; യുവാവിനെ തള്ളിയിട്ട് രക്ഷപ്പെട്ട് 14-കാരി


പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിന്റെ വിരോധത്തിൽ 14-കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച 22-കാരൻ അറസ്റ്റിൽ. കുത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ തള്ളിയിട്ടതിനാൽ പെൺകുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണാർമല പച്ചീരി വീട്ടിൽ ജിനേഷി (22)നെ പോലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണിലെ ട്യൂഷൻ സെന്ററിന് സമീപമാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന് ബാഗിൽ കത്തിയുമായി ഇയാൾ ആനമങ്ങാട് എത്തി. ട്യൂഷൻ സെന്ററിന്റെ സമീപത്തുവെച്ച് കുട്ടിയെ തടഞ്ഞുനിർത്തി കുത്താൻ ശ്രമിച്ചു. കുത്താനായുന്നതു കണ്ട് കുട്ടി യുവാവിനെ തള്ളിയിട്ടു. വീഴ്ചയിൽ കത്തി തെറിച്ചുപോയി. പെൺകുട്ടി ബഹളംവെച്ച് ആളുകൾ എത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ വന്ന വാഹനത്തിൽ തട്ടി വീണ്ടും വീണു.

വീഴ്ചയിൽ ജിനേഷിന്റെ കൈക്ക് പരിക്കേറ്റു. തുടർന്ന് പോലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയുടെ പരാതിയിൽ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്സോ വകുപ്പുകളും പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. കെ.ജെ. ബൈജു, സീനിയർ സി.പി.ഒ. രമണി, സി.പി.ഒ. ഷജീർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍