ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞ് വനിതാ ഡോക്ടറെ വിവാഹം കഴിച്ചത് തട്ടുകടയുടമ; വൻ സ്ത്രീധനം, പിടിയിൽ


ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിലെ 
പ്രൊഫസറായി ചമഞ്ഞ് ഡോക്ടറെ വിവാഹംചെയ്ത തട്ടുകടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ അശോക് നഗർ ജാഫർഖാൻപേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. സ്ത്രീധനം ഉപയോഗിച്ച് കടംവീട്ടാനാണ് 2020-ൽ പ്രഭാകരൻ ഡോ. ഷൺമുഖ മയൂരിയെ വിവാഹംചെയ്തതെന്ന് പോലീസ് പറഞ്ഞു.

2019-ൽ മറ്റൊരുസ്ത്രീയെ പ്രഭാകരൻ വിവാഹംചെയ്തിരുന്നു. അതിൽ ഒരു കുട്ടിയുമുണ്ട്. കടംകയറിയതോടെ കുടുംബത്തിന്റെ അറിവോടെത്തന്നെയാണ് പ്രഭാകരൻ രണ്ടാമത് വിവാഹം കഴിച്ചത്. പിഎച്ച്.ഡി. നേടിയിട്ടുള്ള താൻ മദ്രാസ് ഐ.ഐ.ടി.യിൽ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നാണ് പ്രഭാകരൻ മയൂരിയെ അറിയിച്ചത്. മുംബൈയിൽ താമസിക്കുന്ന മയൂരിയുടെ മാതാപിതാക്കൾ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹത്തിനു സമ്മതംനൽകി. 110 പവൻ സ്വർണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത്.

വിവാഹം കഴിഞ്ഞശേഷം പ്രഭാകരൻ എല്ലാദിവസവും രാവിലെ വീട്ടിൽനിന്നിറങ്ങും. വൈകീട്ടുമാത്രമേ വീട്ടിൽ തിരിച്ചെത്തുകയുള്ളൂ. വീട്ടിൽ സമയം ചെലവഴിക്കാത്തതിനെ ചോദ്യംചെയ്തപ്പോൾ പ്രഭാകരൻ മയൂരിയെ ദേഹോപദ്രവം ചെയ്തു. പ്രൊഫസറായതിന്റെ തിരക്കുമൂലമാണ് മകന് വീട്ടിൽ സമയം ചെലവിടാനാകാത്തതെന്ന് പറഞ്ഞ് രക്ഷിതാക്കൾ മകനെ സംരക്ഷിച്ചു. പ്രഭാകരന്റെയും വീട്ടുകാരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത കലശലായപ്പോൾ മയൂരിക്ക് സംശയം കനത്തു. തുടർന്ന് മയൂരിയും സഹോദരനും മദ്രാസ് ഐ.ഐ.ടി.യിൽ നേരിട്ടുചെന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. അതിനിടയിൽ സ്ത്രീധനമായി നൽകിയ സ്വർണം വിറ്റ് പ്രഭാകരൻ കടങ്ങൾ വീട്ടുകയും വീട് അറ്റകുറ്റപ്പണി നടത്തുകയും തട്ടുകട മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. മയൂരി അശോക് നഗർ വനിതാപോലീസിൽ നൽകിയ പരാതിയെത്തുടർന്ന് പ്രഭാകരനെ അറസ്റ്റുചെയ്തു. ആൾമാറാട്ടം, സ്ത്രീധനപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍