ചുരത്തിൽ കയറ്റിയില്ല; വഴിതിരിച്ചു വിട്ടാൽ മൂരാട് പാലത്തിലൂടെ ലോഡുമായി വാഹനം പോകാൻ സാധ്യത കുറവ്.


താമരശ്ശേരി • ചെന്നൈയിൽ നിന്നു കർണാടകയിലെ നഞ്ചൻകോട്ടേക്കു കൂറ്റൻ യന്ത്രങ്ങളുമായി പുറപ്പെട്ട ട്രെയ്‌ലർ വാഹനം വയനാട് ചുരത്തിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുമെന്ന കണക്കുകൂട്ടലിൽ പൊലീസ് തടഞ്ഞതിലെ അവ്യക്തത തീർന്നില്ല. ചുരം വഴി പോകുന്നതിന് കലക്ടറുടെ അനുമതിക്കായി ശ്രമിക്കുകയാണന്നാണ് ട്രെയ്‌ലർ ഡ്രൈവർ സാമിനാഥൻ പറഞ്ഞത്. കൊയിലാണ്ടി – മംഗളുരു–മൈസുരു വഴി പോകാനാണു പൊലീസ് നിർദേശമെങ്കിലും മൂരാട് പാലത്തിലൂടെ ഈ ലോഡുമായി വാഹനം കടന്നു പോകുമോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഇതുകൂടി പരിശോധിച്ച ശേഷം ഇന്ന് അന്തിമ തീരുമാനം എടുക്കുമെന്നാണ് ഡ്രൈവർ പറഞ്ഞത്. വാഹനം തിരിച്ചു വിട്ടാൽ 150 കിലോമീറ്ററിൽ പരം അധിക ദൂരം സഞ്ചരിക്കേണ്ടി വരുന്നതിൽ ലോറി ഉടമയും നെസ്‌ലെ കമ്പനി അധികൃതരും തമ്മിൽ ധാരണ ആകേണ്ടതുമുണ്ട്. നെസ്‌ലെ കമ്പനിക്കു വേണ്ടി പാൽ പൗഡർ, ചോക്‌ലേറ്റ് പൗഡർ‍ എന്നിവ നിർമിക്കുന്നതിന് കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രങ്ങളുമായി നഞ്ചൻകോട്ടേക്കു പുറപ്പെട്ട 2 ട്രെയ്‌ലറുകളിൽ ഒന്ന് എലോക്കരയിലും മറ്റൊന്ന് പുല്ലാഞ്ഞിമേട്ടിലുമാണ് ശനിയാഴ്ച പൊലീസ് തടഞ്ഞിട്ടത്.

ഈ വാഹനങ്ങൾ ചുരത്തിലെ വളവുകളിൽ കുടുങ്ങാനുള്ള സാധ്യതയ്ക്കു പുറമേ ലോഡിന്റെ അമിത ഉയരം കാരണം ചിലയിടങ്ങളിൽ റോഡിലേക്ക് പടർന്നു നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റേണ്ടി വരുമെന്നും നാട്ടുകാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും മറ്റും പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണു പൊലീസ് സ്ഥലത്തെത്തി ചുരംവഴിയുള്ള യാത്ര തടഞ്ഞത്. ചെന്നൈയിൽ നിന്ന് ഇവിടം വരെ എത്താൻ ദിവസങ്ങൾ വേണ്ടി വന്നു.

ദിവസവും രാത്രി 10, 15 കിലോമീറ്റർ ദൂരമാണ് ഓടുന്നത്. വഴിയിലെ തടസ്സങ്ങളും മറ്റും നീക്കുന്നതിന് ആളുകളുമായി പൈലറ്റ് വണ്ടിയുമായാണു യാത്ര. എന്നാൽ, ഈ റൂട്ടിൽ നേരത്തേ പരിശോധന നടത്തി, ചുരത്തിലൂടെ കടന്നു പോകുമെന്ന് ഉറപ്പാക്കിയാണ് ഇതുവഴി എത്തിയതെന്നും ഡ്രൈവർ പറഞ്ഞു. അനിശ്ചിതത്വം നീക്കി ഇന്നു രാത്രി ട്രെയ്‌ലർ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളാണ് ലോറി അധികൃതർ നടത്തി വരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍