'പ്രധാനമന്ത്രിയെ വധിക്കാൻ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തി': ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ജൂലൈയിൽ ബിഹാറിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാൻ നീക്കം നടത്തിയെന്നാണ് ഇ.ഡിയുടെ ആരോപണം. കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത ഷെഫീക്കിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ ആരോപണമുള്ളത്.
പറ്റ്നയിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാൻ നീക്കം നടന്നുവെന്നാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. യു.പിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം നടന്നുവെന്നും ഇതിനായി പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എയും ഇ.ഡിയും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് കേരളത്തിൽ നിന്നടക്കം അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.എ ആസ്ഥാനത്ത് ചോദ്യംചെയ്യുകയാണ്. എൻ.ഐ.എ ഡയറക്ടർ ജനറൽ ധിൻങ്കർ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുന്നത്. നാല് ദിവസമാണ് ചോദ്യംചെയ്യാനായി ഡൽഹി പട്ട്യാല ഹൗസ് കോടതി അനുവദിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് എൻ.ഐ.എ കോടതിയെ സമീപിക്കും. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്‍റ് സി.പി മുഹമ്മദ് ബഷീർ തുടങ്ങിയവരെയാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍